ബംഗളൂരു: ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്ക് നിരക്ക് നിശ്ചയിക്കണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് ഹൈകോടതി.15 ദിവസത്തിനകം നിരക്ക് നിശ്ചയിക്കണമെന്നാണ് ഉത്തരവ്. ഉബര്‍, ഒലെ, റാപിഡോ ആപ്പുകളുടെ അടിസ്ഥാനത്തിലുള്ള ഓട്ടോ സര്‍വിസുകള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വിലക്ക് ലംഘിച്ച് സര്‍വിസ് നടത്തിയ വെബ് ഓട്ടോകള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
2016ലെ കര്‍ണാടക ഓണ്‍ ഡിമാന്‍ഡ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജി അഗ്രിഗേറ്റര്‍ ചട്ടപ്രകാരമുള്ള ലൈസന്‍സ് ഓണ്‍ലൈന്‍ ഓട്ടോകള്‍ എടുത്തിട്ടില്ലെന്നും അമിത നിരക്ക് ഈടാക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിടിമുറുക്കിയത്.എന്നാല്‍, ഇതിനെതിരെ ഓല ആപ്പ്, ഉബര്‍ ഇന്ത്യ സിസ്റ്റംസ് ലിമിറ്റഡ് എന്നിവക്ക് സര്‍വിസ് നല്‍കുന്ന എ.എന്‍.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ട് വ്യത്യസ്ത ഹരജികളുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഹരജി പരിഗണിച്ച ജസ്റ്റിസ് എം.ജി.എസ്. കമാല്‍, സര്‍വിസ് കമ്ബനികളും സര്‍ക്കാറും ഇക്കാര്യത്തില്‍ സമവായത്തിലെത്തണമെന്ന് നിര്‍ദേശിച്ചു. നിരക്ക് നിശ്ചയിക്കുന്നതുവരെ സര്‍വിസ് കമ്ബനികള്‍ക്കെതിരെ ഒരുവിധ നിര്‍ബന്ധ നടപടിയും പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
കര്‍ണാടകയില്‍ ദളിതരെ ക്ഷേത്രത്തില്‍ നിന്ന് പൂജാരി ഇറക്കിവിട്ടു
ബംഗളൂരു: കര്‍ണാടക തുംകുരുവിലെ ക്ഷേത്രത്തില്‍ നിന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട വിശ്വാസികളെ പൂജാരി നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ടതായി പരാതി.ഗുബ്ബി താലൂക്കിലെ മലക്കാട്ടമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. പൂജാവസ്തുക്കളുമായി കാത്തുനിന്ന വിശ്വാസികളോട് പുറത്തേക്ക് പോകാന്‍ പൂജാരി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിശ്വാസികള്‍ എതിര്‍പ്പുന്നയിച്ചെങ്കിലും പൂജാരി നിര്‍ബന്ധപൂര്‍വം ഇവരെ പുറത്തേക്ക് വിടുകയായിരുന്നു.സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ വിവിധ സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു.