ബംഗളൂരു: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം പിടിയ്ക്കാനൊരുങ്ങി കര്‍ണാടക. 2020-26 വര്‍ഷത്തെ പുതുക്കിയ ടൂറിസം നയത്തിന്റെ പ്രകാശന വേളയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കര്‍ണാടക സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒരു കോടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 30 ലക്ഷം പേരാണ് സന്ദര്‍ശനത്തിനായെത്തുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വഴി പ്രാദേശിക ജനങ്ങളുടെ ജീവിതമാര്‍ഗവും മെച്ചപ്പെടും. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കര്‍ണാടകയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്ബുറഗിയിലെയും ബിദറിലെയും കോട്ടകള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. ഇവിടങ്ങളിലെ ആസ്തികള്‍ മെച്ചപ്പെടുത്തിയാല്‍ ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്നും സൂചിപ്പിച്ചു.
ഇതിനായി റവന്യൂ, പിഡബ്ല്യുഡി വകുപ്പുകള്‍ ടൂറിസം വകുപ്പിനൊപ്പം പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി ആനന്ദ് സിംഗും ടൂറിസം പ്രോത്സാഹനത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. യാനയുടെ പുനരുജ്ജീവനം, ചിക്കമംഗളൂരുവിലെ റോപ്വേ, ഹോട്ടലുകള്‍ എന്നിവ ഏറ്റെടുത്തു. പുതിയ സര്‍ക്യൂട്ടുകള്‍ രൂപീകരിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു. വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദലിത് കുടുംബത്തിനെതിരെ വിവേചനം: കോലാറില്‍ വന്‍ പ്രതിഷേധ പ്രകടനം
ബംഗളൂരു: ഗ്രാമദേവതയുടെ പ്രതിഷ്ഠയുള്ള ദണ്ഡ് തൊട്ടതിന് ദലിത് ബാലന് മേല്ജാതിക്കാര് 60,000 രൂപ പിഴ വിധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ വന്‍ സമരം.
കോലാര്‍ ജില്ലയിലാണ് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ‘ഉല്ലറഹള്ളി ചലോ’ എന്ന പേരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. തെകല് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മലുര്‍ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലേക്കായിരുന്നു പ്രകടനം. ഈ ഗ്രാമത്തിലാണ് ദലിത് കുടുംബത്തിന് പീഡനം നേരിടുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് വിവാദസംഭവം.
ബംഗളൂരുവില്‍നിന്ന് 60 കി.മീറ്റര്‍ അകലെ കോലാര്‍ ജില്ലയിലെ മലുര്‍ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലാണ് ദലിത് കുടുംബം താമസിക്കുന്നത്. ഗ്രാമത്തിലെ ദേവിയായ ഭൂതമ്മയുടെ പ്രതിഷ്ഠ പ്രദക്ഷിണത്തിനായി ക്ഷേത്രത്തിന് പുറത്തെത്തിച്ചിരുന്നു. അപ്പോഴാണ് ശോഭമ്മയുടെ 15 വയസ്സുള്ള മകന് പ്രതിഷ്ഠ സ്ഥാപിച്ച ദണ്ഡില്‍ തൊട്ടത്. തുടര്‍ന്ന് ഗ്രാമത്തിലെ ചിലരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ദലിത് കുടുംബത്തിന് 60,000 രൂപ ശിക്ഷ വിധിക്കുകയായിരുന്നു. ദലിതന് തൊട്ട് അശുദ്ധമാക്കിയ പ്രതിഷ്ഠയുടെ ശുദ്ധീകരണം നടത്താനായാണ് തുകയെന്നാണ് മേല്ജാതിക്കാര് പറയുന്നത്. ദലിത് സംഘടന ഭാരവാഹികളെ ശോഭമ്മ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒക്ടോബര്‍ ഒന്നിനുള്ളില്‍ പിഴ നല്‍കണമെന്നാണ് അന്ത്യശാസനം. ഈ സാഹചര്യത്തിലാണ് ദലിത് സംഘടനകളുടെ പ്രതിഷേധം നടന്നത്. തങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് ഏതെങ്കിലും മതത്തെ അപമാനിക്കാനല്ലെന്നും മനുഷ്യരായ തങ്ങള്‍ക്ക് എല്ലായിടത്തും പ്രവേശിക്കാനുള്ള അവകാശം ഉണ്ടെന്നും സമരത്തിന്റെ സംഘാടകനായ ആനന്ദ് സിദ്ധാര്‍ഥ പറഞ്ഞു. വിവേചനത്തിനെതിരായ മുന്നറിയിപ്പാണ് സമരം. ദലിതര്‍ എല്ലാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് സമരം. ജാതിവിവേചനം നടത്തുകയും കുടുംബത്തെ ബഹിഷ്കരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.
കുറ്റക്കാര്‍ക്ക് നിയമമനുസരിച്ചുള്ള ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് സംഘടനകളുടെ പരാതിയില്‍ കോലാര്‍ പൊലീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം എട്ടുപേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദലിത് ബാലന്റെ മാതാവ് ദിവസവേതനക്കാരിയാണ്. ദിവസം 300 രൂപ കൂലിയായി കിട്ടുന്ന തനിക്ക് 60,000 രൂപ അടക്കുകയെന്നത് അസാധ്യമാണെന്ന് മേല്ജാതിക്കാരോട് പറഞ്ഞിരുന്നു. 5000 രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒരു ദൈവവും തങ്ങളെ സഹായിക്കാന്‍ എത്തിയില്ലെന്നും ഇതിനാല്‍ ഇനിമുതല്‍ ബി.ആര്. അംബേദ്കറോടാണ് പ്രാര്‍ഥിക്കുകയെന്നും ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് വീട്ടിലെ വിവിധ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നീക്കുകയും ഭരണഘടനാശില്പിയായ അംബേദ്കറുടെ ഫോട്ടോ കഴിഞ്ഞദിവസം സ്ഥാപിക്കുകയും ചെയ്തിരുന്നു.