ബംഗളൂരു: പോപുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ കേന്ദ്രതലത്തില്‍ നടപടി തുടങ്ങിയതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരു സംഘടനകളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് ഫണ്ട് ലഭിക്കുന്നതെന്നും എല്ലാവര്‍ക്കുമറിയാം. ഇത്തരം സംഘടനകള്‍ക്കെതിരെ റെയ്ഡ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ പലയിടങ്ങളിലും പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും വ്യാഴാഴ്ച എന്‍.ഐ.എ റെയ്ഡ് നടന്നിരുന്നു. സിര്‍സിയില്‍നിന്ന് അബ്ദുല്‍ ഷുക്കൂര്‍ ഹൊന്നാവര്‍, പോപുലര്‍ ഫ്രണ്ട് കലബുറഗി പ്രസിഡന്റ് ഇജാസ് അലി, ഷാഹിദ് ഖാന്, ശിവമൊഗ്ഗ, ചിത്രദുര്‍ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലെ എസ്.ഡി.പി.ഐ നേതാക്കള്‍, മുന്‍ മൈസൂരു പ്രസിഡന്റ് മൗലാന മുഹമ്മദ് കലീമുല്ല, ദാവന്‍കരെ സ്വദേശി ഇമാമുദ്ദീന്‍, ഹരിഹര ടൗണ്‍ സ്വദേശി അബു താഹിര്‍ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, എ.കെ. അഷ്റഫ്, മുഹ്യുദ്ദീന്‍ ഹാലയങ്ങാടി, നവാസ് കാവൂര്‍ എന്നീ നേതാക്കളെയാണ് എന്‍.ഐ.എ പിടികൂടിയതെന്ന് എസ്.ഡി.പി.ഐ നേതാവ് അതാവുല്ല ജോക്കട്ടെ പ്രതികരിച്ചു. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഉഡുപ്പിയില്‍ റോഡ് ഉപരോധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കര്‍ണാടകയില്‍ അറസ്റ്റിലായത് ഏഴുപേരെന്ന് എന്‍.ഐ.എ
ബംഗളൂരു: വ്യാഴാഴ്ച നടന്ന റെയ്ഡില്‍ കര്‍ണാടകയില്‍ ഏഴുപേര്‍ അറസ്റ്റിലായതായി എന്‍.ഐ.എ അറിയിച്ചു. അനീസ് അഹമ്മദ്, അഫ്സര്‍ പാഷ, അബ്ദുല്‍ വാഹിദ് സേട്ട്, യാസര്‍ അറഫാത്ത് ഹസന്, മുഹമ്മദ് ഷാക്കിബ്, മുഹമ്മദ് ഫാറൂഖുറഹ്മാന്, ഷാഹിദ് നസിര്‍ എന്നിവരാണ് അറസ്റ്റിലായത്. എന്‍.ഐ.എ ഡല്‍ഹി സെല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തില്‍നിന്ന് എട്ടും കര്‍ണാടകയില്‍നിന്ന് ഏഴും തമിഴ്നാട്ടില്‍നിന്ന് മൂന്നും യു.പിയില്‍നിന്ന് ഒരാളുമടക്കം 19 പേരാണ് അറസ്റ്റിലായതെന്ന് എന്‍.ഐ.എ അറിയിച്ചു.
കൈക്കൂലി: രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍
ബംഗളൂരു: കൈക്കൂലി കേസില്‍ രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ ടു എ.ബി. വിജയകുമാര്‍, കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് (കെ.ഐ.എ.ഡി.ബി) സര്‍വേയര്‍ രഘുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഭഗത് സിങ് എന്നയാളുടെ പരാതിയിലാണ് നടപടി. തന്റെ ഭൂമി കെ.ഐ.എ.ഡി.ബി ഏറ്റെടുത്തിട്ടില്ലെന്നതിനുള്ള ‘നോ ഒബ്ജക്ഷന്’ സട്ടിഫിക്കറ്റിനായാണ് പരാതിക്കാരന് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഇതിനായി 2.5 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
തുക കിട്ടിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാല്‍ പരാതിക്കാരന് സംഭവം കെ.ഐ.എ.ഡി.ബി ഡെപ്യൂട്ടി കമീഷണറെ (ലാന്‍ഡ് അക്വിസിഷന്‍) അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി സ്വീകരിച്ച പണവും കൂടുതലായി 50,000 രൂപയും പരാതിക്കാരന് തിരിച്ചുനല്‍കാമെന്ന് സമ്മതിച്ചു. പകരമായി പരാതി പിന്‍വലിക്കണമെന്നും പറഞ്ഞു. കൈക്കൂലി തുക തിരിച്ചുനല്കവേയാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതെന്ന് ലോകായുക്ത പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ബംഗളൂരു സിറ്റി ലോകായുക്ത പൊലീസ് എസ്.പി. അശോക് കെ.വിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി പ്രദീപ് ആണ് നടപടിയെടുത്തത്.