തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പുതിയ നീക്കവുമായി സംസ്ഥാനം. സില്‍വര്‍ലൈന്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കര്‍ണാടകയെയും കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കേന്ദ്രസര്‍ക്കാറിന് മേല്‍ കര്‍ണാടകയും കൂടി പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ പച്ചക്കൊടി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലാണ് സിൽവലൈനിന് കർണാടകയുടെ പിന്തുണ തേടിയത്. സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടുന്നതിൽ കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കും കൗൺസിലിൽ ധാരണയായി. ഈ മാസം അവസാനം ബെംഗളൂരുവില്‍ വെച്ച് ചർച്ച നടക്കും. നാല് പ്രധാന നഗരങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിക്കായി തമിഴ്നാടും കൗൺസിലിൽ ആവശ്യമുയർത്തി.

സംസ്ഥാനത്ത് ശക്തമായ എതിര്‍പ്പാണ് സില്‍വര്‍ലൈനിനെതിരെ ഉയരുന്നത്. എതിര്‍പ്പും കേന്ദ്രാനുമതിയിലെ അനിശ്ചാതവസ്ഥയും കണക്കിലെടുത്ത് സാമൂഹികാഘാത പഠനമടക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രം അനുമതി നല്കിയാല് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്.
അമിത്ഷാ നേതൃത്വം നൽകിയ യോഗത്തിൽ അജണ്ടയായി വെച്ചിരുന്നെങ്കിലും, കർണാടക – കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയ ശേഷം മുന്നോട്ടു പോകാമെന്ന് ധാരണയിലെത്തി അജണ്ടയിൽ നിന്ന് മാറ്റി. ഡിപിആർ ഉൾപ്പടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകക്ക് കൈമാറും. കർണാടയകയുടെ നിലപാട് ഇനി നിർണായകമാകും. അനുകൂലമായാൽ കേന്ദ്ര താൽപര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. തലശേരി-മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ് റെയിൽപാതകളുടെ കാര്യത്തിലും ചർച്ച നടക്കും.
സെമി ഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമാക്കാൻ കേരളം ശ്രമിക്കുന്നതിനിടെ, കേരളമടക്കം അയൽ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാവിയെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യോഗത്തിലുയർത്തി. മധുര, ചെന്നൈ, തൂത്തുക്കുടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിയെന്നതാണ് തമിഴ്നാടിന്റെ ആശയം.
‘സിൽവർലൈൻ മംഗലാപുരത്തേക്ക്’, കേരളത്തിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രിതല ചർച്ച; കൂടിക്കാഴ്ച ഈ മാസം തന്നെ
തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തിൽ കേരള-കർണാടക ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക. ഈ മാസം തന്നെ ചർച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂർ -നഞ്ചൻകോട് പാതയുടെ കാര്യവും വിഷയത്തിൽ ചർച്ചയാകും.
ചർച്ചയിൽ അതിവേഗ റെയിൽവേ ഇടനാഴി എന്ന ആവശ്യം തമിഴ്നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്പത്തൂർ, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽവേ ഇടനാഴി വേണം. അയൽസംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണം എന്ന ആവശ്യവും തമിഴ്നാട് മുന്നോട്ടു വച്ചു. വികസന വിഷയങ്ങൾക്കൊപ്പം, ഫെഡിറലിസവും സംസ്ഥാനങ്ങളുടെ അധികാരവും നേരിടുന്ന വെല്ലുവിളികൾ കേരളമുൾപ്പടെ പ്രധാന സംസ്ഥാനങ്ങൾ ഉയർത്തി.
വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്നും, വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ആനുപാതിക വരുമാനം ഉറപ്പാക്കണമെന്നും ഉള്ള സുപ്രധാന ആവശ്യങ്ങൾ തമിഴ്നാട് ഉയർത്തി. മയക്കുമരുന്ന് കേസുകൾ ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾ നാർകോ കോർഡിനേഷൻ സെന്റർ യോഗങ്ങൾ പതിവായി ചേരണമെന്നും ഇവ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കണമെന്നും അമിത് ഷാ നിർദേശിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള വെള്ളം പങ്കുവയ്ക്കുന്നതിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും അദ്ദേഹം നിർദേശിച്ചു.
കോവളം റാവിസ് കൺവൻഷൻ സെന്ററിലാണ് കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗൺസിൽ നടന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ കൗൺസിലിൽ പങ്കെടുത്തു. കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെ കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു.