ബെംഗളൂരു: ഭാര്യയോട് ഉന്നതവിദ്യാഭ്യാസം നേടാനോ ജോലി തേടാനോ ആവശ്യപ്പെടുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.യുഎസിൽ താമസിച്ചു വരുന്ന കർണാടക സ്വദേശികളായ ദമ്പതിമാരാണ് ഹർജിക്കാർ. കുടുംബം പോറ്റാനും മാസച്ചിലവുകൾ നടത്താനും വേണ്ടി ഉപരിപഠനം നടത്താനും ജോലി തേടാനും ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായി ഹർജിക്കാരിയായ ഭാര്യ ആരോപിച്ചു.
എന്നാൽ കൂടുതൽ അറിവ് നേടാനും ജോലി തേടാനും ഭാര്യയ്ക്ക് നിർദ്ദേശം നൽകുന്നത് ക്രൂരതയായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.വിവാഹത്തിന് മുൻപ് ഭർത്താവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നതായും തന്നോടൊപ്പം യുഎസിലേക്ക് വരാമെന്നും ജോലി കണ്ടെത്താമെന്നും ഭാര്യ സമ്മതിച്ചിരുന്നതായി ഭർത്താവ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇരു കക്ഷികളും യുഎസിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും അതിനായി ജോലിയും പഠനവും തുടരുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിദേശത്ത് സ്ഥിരതാമസമാക്കുക എന്ന കാര്യത്തിന് ഭർത്താവ് അമിത പ്രാധാന്യം നൽകിയെങ്കിലും, അത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.