റെസ്റ്റോറന്‍റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാതി കത്തിയ സിഗററ്റ് കുറ്റി ലഭിച്ചതിന്‍െറ ഞെട്ടലില്‍ നിന്ന് മുക്തയാവാതെ യുഎസിലെ കൗമാരക്കാരിയായ പെണ്‍കുട്ടി.സാധാരണ ഓര്‍ഡര്‍ ചെയ്യുന്നത് പോലെയാണ് ഇത്തവണയും ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണം കഴിക്കുമ്ബോഴാണ് അസ്വാഭാവികമായ ഒരു സാധനം കയ്യില്‍ തടഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോഴാണ് അതൊരു സിഗരറ്റ് കുറ്റിയാണെന്ന് മനസ്സിലായതെന്ന് ലാഡ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു. ബര്‍ഗര്‍ കിങ് (Burger King) ഔട്ട‍്‍ലെറ്റി നിന്നാണ് പെണ്‍കുട്ടിയായ ബ്ലെയ്സും അമ്മ ജെന്‍ ഹോളിഫീല്‍ഡും ചിക്കന്‍ ഫ്രൈസും (Chicken Fries) മറ്റൊരു ഐറ്റവും ഓര്‍ഡര്‍ ചെയ്തത്.
“ബര്‍ഗര്‍ കിങ്ങില്‍ നിന്ന് സാധാരണ അവള്‍ ചിക്കന്‍ ഫ്രൈസ് വാങ്ങിക്കാറുള്ളതാണ്. ഇത് വരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എപ്പോള്‍ പോയാലും ഇഷ്ടത്തോടെ വാങ്ങിക്കഴിക്കാറുള്ളത് ചിക്കന്‍ ഫ്രൈസാണ്,” 14കാരിയായ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഭക്ഷണം ലഭിച്ചതിന് ശേഷം ഇരുവരും ചേര്‍ന്നാണ് പൊതിയഴിച്ച് കഴിക്കാന്‍ തുടങ്ങിയത്. ഹോളിഫീല്‍ഡ് ആസ്വദിച്ച് കഴിച്ച് തുടങ്ങിയെങ്കിലും എന്തോ ഒരു മോശം മണം ബ്ലെയ്സിന് തോന്നി.
സിഗററ്റ് മണക്കുന്നുവെന്ന് മകള്‍ പറഞ്ഞെങ്കിലും ആദ്യം ഹോളിഫീല്‍ഡ് വിശ്വസിച്ചില്ല. പറ്റിക്കാന്‍ പറഞ്ഞതായിരിക്കും എന്നാണ് അവര്‍ ആദ്യം കരുതിയത്. മകള്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സിഗററ്റ് വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവര്‍ മറുപടിയും പറഞ്ഞു. ഇരുവരും ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് ബ്ലെയ്സിന് പാക്കറ്റില്‍ നിന്ന് ഒരു മെന്തോള്‍ സിഗററ്റിന്റെ പാതി ലഭിച്ചത്.
ഭക്ഷണത്തില്‍ നിന്ന് സിഗററ്റ് കണ്ടുപിടിച്ച സമയം മുതല്‍ മകള്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്ന് ഹോളിഫീല്‍ഡ് പറഞ്ഞു. ഒരു സിഗറ്റ് കിട്ടിയെന്നത് മാത്രമല്ല, അത് ആരോ പാതിവലിച്ച് കളഞ്ഞതാണെന്നതാണ് അമ്മയെയും മകളെയും കൂടുതല്‍ ഞെട്ടിച്ചത്. സംഭവത്തിന് ശേഷം ഹോളിഫീല്‍ഡ് റെസ്റ്റോറന്‍റിലേക്ക് വിളിക്കുകയും കാര്യം പറയുകയും ചെയ്തു. ക്ഷമ ചോദിച്ച റെസ്റ്റോറന്‍റ് അധികൃതര്‍ ഭക്ഷണത്തിന്‍െറ പണം തിരികെ നല്‍കാമെന്ന് വ്യക്തമാക്കി. എന്നാല്‍ ഇത്രയും മോശമായ ഒരു അനുഭവത്തിന് ശേഷം ഇനി ആ റെസ്റ്റോറന്‍റില്‍ നിന്ന് തനിക്കും മകള്‍ക്കും ഒരിക്കലും ഭക്ഷണം കഴിക്കാന്‍ സാധിക്കില്ലെന്നാണ് ഹോളിഫീല്‍ഡ് പറയുന്നത്.
പരാതി അറിയിക്കുന്നതിന് വേണ്ടി ഇനിയും ആ റെസ്റ്റോറന്‍റിലേക്ക് പോകാന്‍ തന്നെ താന്‍ ആഗ്രഹിക്കുന്നില്ല. പാതികഴിച്ച ചിക്കന്‍ ഫ്രൈസും സിഗററ്റും ഭദ്രമായി അവര്‍ പാക്ക് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ആരെങ്കിലും തെളിവ് ചോദിച്ചാല്‍ കാണിച്ച് കൊടുക്കാന്‍ വേണ്ടിയാണ് ഇതെന്ന് ഹോളിഫീല്‍ഡ് പറഞ്ഞു. റെസ്റ്റോറന്‍റ് വാഗ്ദാനം ചെയ്ത തരത്തില്‍ ഭക്ഷണത്തിന്‍െറ പണം തനിക്ക് തിരികെ വേണ്ടെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന് തങ്ങള്‍ക്ക് എന്താണ് ലഭിച്ചതെന്ന് ആളുകള്‍ മനസ്സിലാക്കണം. ഇത്തരം റെസ്റ്റോന്‍റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ അറിഞ്ഞതോടെ ഔട്ട‍്‍ലെറ്റിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് ബര്‍ഗര്‍ കിങ് അധികൃതര്‍.