Home Featured ‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്…. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല’ മുസ്ലീം കച്ചവടക്കാരെ ക്ഷേത്രോൽസവത്തിൽ നിന്ന് വിലക്കുന്ന തീരുമാനത്തിനെതിരെ കർണാടക ബിജെപി നേതാവ്

‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്…. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല’ മുസ്ലീം കച്ചവടക്കാരെ ക്ഷേത്രോൽസവത്തിൽ നിന്ന് വിലക്കുന്ന തീരുമാനത്തിനെതിരെ കർണാടക ബിജെപി നേതാവ്

ബംഗളുരു: മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി നേതാവ് രംഗത്ത്. നിയമസഭാംഗം കൂടിയായ എ എച്ച് വിശ്വനാഥ് ആണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് മതങ്ങൾ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല’ വിശ്വനാഥ് മൈസൂരിൽ പറഞ്ഞു.ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിൽ എത്ര ഇന്ത്യക്കാരുണ്ട്, മുസ്ലീം രാജ്യങ്ങളിൽ എത്ര ഇന്ത്യക്കാർ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങൾ നമ്മെ ഒഴിവാക്കാൻ തീരുമാനിച്ചാൽ എന്താകും സ്ഥിതിയെന്നും വിശ്വനാഥ് തുറന്നടിച്ച് ചോദിച്ചു.

ഇന്ത്യ-പാകിസ്താൻ വിഭജനം നടന്നപ്പോൾ വളരെയധികം മുസ്ലീങ്ങൾ ഇന്ത്യ തെരഞ്ഞെടുത്തു. അവർ ജിന്നയുടെ കൂടെ പോയില്ല. അവർ ഇന്ത്യക്കാരായി ഇവിടെ തുടർന്നു. അവർ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല. എന്തടിസ്ഥാനത്തിലാണ് മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്’- വിശ്വനാഥ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group