ബംഗളൂരു: ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ നേരിടുന്ന അതിക്രമങ്ങളിലും അവഹേളനങ്ങളിലും ദേശീയ വനിത കമീഷന് ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ബംഗളൂരുവിലെ അഞ്ചു പ്രഫസര്‍മാര്‍ കത്തയച്ചു. മതപരമായ വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെയുള്ള ഭീഷണികളിലും അധിക്ഷേപങ്ങളിലും അതിക്രമങ്ങളിലും ദേശീയ വനിത കമീഷന് അടിയന്തരമായി ഇടപെട്ട് സ്വമേധയാ കേസെടുക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാണ് ആവശ്യം.
ഐ.ഐ.എം.ബി പ്രഫസര്‍മാരായ റിത്വിക് ബാനര്‍ജി, ദീപക് മാല്ഗാന്, ദാല്ഹിയ മാനി, പ്രതീക് രാജ്, ഹേമ സ്വാമിനാഥ് എന്നിവരാണ് ദേശീയ വനിത കമീഷന് അധ്യക്ഷ രേഖ ശര്‍മക്ക് ഇ-മെയിലായി വിശദമായ കത്തയച്ചത്. എല്ലാ മതത്തിലെയും സ്ത്രീകള്‍ പുരുഷമേധാവിത്വ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അത്തരം സാഹചര്യം മാറേണ്ടതുണ്ട്. മതനേതാക്കളും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുചേര്‍ന്ന് മാറ്റം കൊണ്ടുവരണം. എന്നാല്‍, ഒരു മതത്തിലെ ആചാരം മാത്രം ഒഴിവാക്കാനുള്ള നീക്കം സ്വീകാര്യമല്ല.
ഹൈകോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുസ്ലിം സ്ത്രീകളുടെ അഭിമാനത്തിനും സുരക്ഷക്കും ഭീഷണിയുണ്ടെന്നും പ്രഫസര്‍മാര്‍ ആശങ്കയറിയിച്ചു. ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കും. പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കാത്ത സാഹചര്യമുണ്ടാകും. ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന പദ്ധതി തന്നെ പരാജയപ്പെടും. മുസ്ലിം വിദ്യാര്‍ഥിനികള്‍ മാത്രമല്ല മറ്റു സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കും പഠനം അന്യമായേക്കാമെന്നും വിഷയത്തില്‍ വനിത കമീഷന് ഇടപെടണമെന്നും പ്രഫസര്‍മാര്‍ ആവശ്യപ്പെട്ടു.