ബെംഗളുരു: തുടർച്ചയായ മഴയിൽ വെള്ളം കമേഴ്സ്യൽ സ്ട്രീറ്റിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വീണ്ടും ഇരച്ചെത്തി. വസ്ത്രങ്ങളും മറ്റും നശിച്ചതോടെ കനത്ത നഷ്ടത്തിലാണു വ്യാപാരികൾ, സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ച റോഡിൽ കഴിഞ്ഞ മാസവും തുടർച്ചയായ മഴയെ തുടർന്ന് കടകളിൽ വെള്ളം കയറിയിരുന്നു. റോഡിലും നടപ്പാതയിലും ഇന്റർലോക്ക്കട്ടകൾ വിരിച്ചതോടെ മഴവെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാത്തതാണു പ്രതിസന്ധിയായിരിക്കുന്നത്.
നിർമാണത്തിലെ അശാസ്ത്രീയത കാരണം 2 മാസം മുൻപ് നവീകരിച്ച റോഡ് വീണ്ടും അടച്ചിട്ട് നവീകരണം നടത്തിയെങ്കിലും കാര്യമായ വ്യത്യാസമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.