നിലമ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ കെഎസ്‌ആര്‍ടിസി ബസ്. സൂപ്പര്‍ ഡീലക്‌സ് സ്വിഫ്റ്റ് ബസ് ആണ് സര്‍വീസ് ആരംഭിച്ചത്.നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. നിലവിലുള്ള ബെംഗളൂരു സര്‍വീസിന് പുറമെയാണ് പുതിയ സര്‍വീസ്. നിലമ്പൂരിനെ ബന്ധിപ്പിച്ച് കൂടുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും തിരുവനന്തപുരം സര്‍വീസും കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.രാവിലെ പത്ത് മണിക്കാണ് പുതിയ കെഎസ്‌ആര്‍ടിസി ബസ് നിലമ്പൂരില്‍ നിന്ന് പുറപ്പെടുക. വൈകീട്ട് അഞ്ച് മണിക്ക് ബെംഗളൂരുവിലെത്തും. വഴിക്കടവ്, ഗൂഢല്ലൂര്‍, മൈസൂരു വഴിയാകും യാത്ര. ഈ ബസ് തിരിച്ച് സര്‍വീസ് നടത്തുക രാത്രി 10 മണിക്കാണ്. ബെംഗളൂരുവില്‍ നിന്ന് രാത്രി 10ന് പുറപ്പെടുന്ന ബസ് തൊട്ടടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് നിലമ്പൂരിലെത്തും.
നിലവില്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ ഡീലക്‌സ് ബസ് രാത്രി 10 മണിക്കാണ് പുറപ്പെടുന്നത്. ഇത് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെത്തും. ശേഷം രാത്രി 11.45ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8.30ന് നിലമ്പൂരില്‍ മടങ്ങിയെത്തും. പുതിയ ബസിന് ബന്ദിപൂര്‍ വനമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാത്രി യാത്രാ നിരോധനം ബാധകമാകില്ല.കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന മലപ്പുറം ജില്ലയിലെ നഗരമാണ് നിലമ്പൂര്‍. രണ്ട് സംസ്ഥാനങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് എംഎല്‍എ പറഞ്ഞു. നിലമ്പൂരിലെ ഒരു അന്തര്‍സംസ്ഥാന യാത്രയുടെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങള്‍.