Home കർണാടക ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

ബെംഗളൂരു: നഗരത്തില്‍ നിർമ്മിക്കാൻ നിർദേശിച്ചിട്ടുള്ള 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിയുടെ ചെലവ് 500 കോടി രൂപയില്‍ നിന്ന് 800 കോടി രൂപയായി ഉയർത്തി.പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ വേഗത്തിലായതോടെയാണ് പുതിയ ചെലവ് കണക്കുകള്‍ പുറത്തുവന്നത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രധാന സ്വപ്‌ന പദ്ധതികളിലൊന്നായ ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഒരുങ്ങുകയാണ്. പദ്ധതിയില്‍ നിക്ഷേപം നടത്താൻ താല്‍പര്യമുള്ളവരില്‍ നിന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ താല്‍പര്യപത്രം ക്ഷണിച്ചേക്കും.സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായിരുന്ന 2024 ഓഗസ്‌റ്റിലാണ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. അന്ന് 500 കോടി രൂപയായിരുന്നു പദ്ധതിയുടെ പ്രാഥമിക ചെലവ് കണക്കാക്കിയിരുന്നത്.

പിന്നീട് ഇത് 600 കോടി രൂപയായി ഉയർത്തി. ഇപ്പോള്‍ ബിഡിഎയുടെ ഏറ്റവും പുതിയ രേഖകളില്‍ ഏകദേശം 800 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.എന്നാല്‍ ഇത് പ്രാഥമിക കണക്ക് മാത്രമാണെന്നും അന്തിമ ചെലവല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ടവറിന്റെ രൂപകല്‍പ്പന, ഉയരം, നിർമാണ വിസ്‌തീർണം, ഒരുക്കുന്ന സൗകര്യങ്ങള്‍, സാങ്കേതിക ആവശ്യങ്ങള്‍ എന്നിവ അനുസരിച്ചായിരിക്കും അന്തിമ ചെലവ് തീരുമാനിക്കുക. 250 മീറ്റർ ഉയരമുള്ള ഈ ടവറില്‍ സ്കൈവാക്ക്, ഗ്ലാസ് നിലത്തോടുകൂടിയ കാഴ്‌ചാനുഭവ കേന്ദ്രം, റെസ്‌റ്റോറന്റുകള്‍, മ്യൂസിയം, വിനോദസഞ്ചാര വിവരകേന്ദ്രം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി.ബെംഗളൂരുവിലെ കാഴ്‌ചകള്‍ ഉയരത്തില്‍ നിന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായാണ് സ്കൈഡെക്ക് വിഭാവനം ചെയ്‌തിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. രൂപകല്‍പ്പന, നിർമാണം, ധനസമാഹരണം, നടത്തിപ്പ്, പിന്നീട് സർക്കാരിന് കൈമാറല്‍ എന്നിവ ഉള്‍പ്പെടുന്ന മാതൃകയാണ് പ്രധാനമായും പരിഗണിക്കുന്നത്.

ഇതിലൂടെ നിർമാണത്തിനും നടത്തിപ്പിനുമുള്ള പണം സ്വകാര്യ നിക്ഷേപകരില്‍ നിന്ന് കണ്ടെത്തും. പദ്ധതിക്കായി കണ്ടെത്തിയ ഭൂമി ബിഡിഎ നല്‍കും. നിലവിലെ നിർദേശപ്രകാരം നിർമ്മാണത്തിനായി ബിഡിഎ നേരിട്ട് പണം നിക്ഷേപിക്കില്ല. ആദ്യഘട്ടത്തില്‍ ക്ഷണിക്കുന്ന താല്‍പര്യപത്രത്തിലൂടെ നിക്ഷേപകരുടെ സാമ്പത്തിക ശേഷി, പദ്ധതിയോടുള്ള താല്‍പര്യം, സാങ്കേതിക സാധ്യതകള്‍, സാമ്പത്തിക ലാഭസാധ്യത എന്നിവ വിലയിരുത്തും.പദ്ധതിയില്‍ നിന്നുള്ള വരുമാനവും ലാഭവും എങ്ങനെ പങ്കിടാമെന്ന കാര്യവും പരിശോധിക്കും. എന്നാല്‍ താല്‍പര്യപത്രം സമർപ്പിക്കുന്നത് കൊണ്ട് മാത്രം പദ്ധതിയുടെ കരാർ ലഭിക്കുമെന്ന് ഉറപ്പില്ല. പിന്നീട് മത്സരാധിഷ്ഠിതമായ യോഗ്യതാ പരിശോധനയും ടെൻഡർ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും നിർമ്മാണക്കമ്പനിയെ തിരഞ്ഞെടുക്കുക.പദ്ധതിയുടെ സാധ്യതകള്‍ പഠിക്കാനും അനുയോജ്യമായ സ്വകാര്യ പങ്കാളിത്ത മാതൃക നിർദേശിക്കാനും നിക്ഷേപകരെ കണ്ടെത്താനുമായി കെപിഎംജി അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെ ഇടപാട് ഉപദേശകരായി ബിഡിഎ നിയമിച്ചിട്ടുണ്ട്. കരാർ കാലാവധി, വരുമാനം പങ്കിടുന്ന രീതി, പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ എന്നിവയില്‍ അന്തിമ തീരുമാനമായിട്ടില്ല.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അന്നത്തെ ബെംഗളൂരു വികസന മന്ത്രിയായിരുന്ന ഡികെ. ശിവകുമാർ ബയ്യപ്പനഹള്ളി, ഹെമ്മിഗെപുര, ജ്ഞാനഭാരതി തുടങ്ങിയ സ്ഥലങ്ങള്‍ പദ്ധതിക്കായി പരിഗണിച്ചിരുന്നു. എന്നാല്‍ വിവിധ സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ കാരണം ഈ സ്ഥലങ്ങള്‍ ഒഴിവാക്കി. പിന്നീട് കൊമ്മഘട്ടയ്ക്ക് സമീപമുള്ള സ്ഥലവും പരിഗണിച്ചെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും സാങ്കേതിക പ്രശ്‌നങ്ങളും തടസമായി.നിലവില്‍ എസ്‌എം കൃഷ്‌ണ മെയിൻ റോഡിന് സമീപമുള്ള സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ ഭാഗമായ ഈ പ്രദേശം ചല്ലഘട്ട മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ്. മെട്രോ സൗകര്യത്തിന്റെ സാമീപ്യം പദ്ധതിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും സന്ദർശകർക്കും യാത്ര എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group