Home കർണാടക ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി യുവതി, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപണം

ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി യുവതി, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപണം

കർണാടക: ലിവിങ് ടുഗദർ പങ്കാളി വഞ്ചിച്ചതായി ആരോപിച്ച്‌ കർണാടകയിലെ ഹാസനില്‍ യുവാവിന്റെ വീട്ടുപടിക്കല്‍ കാസർകോട് സ്വദേശിനിയായ യുവതിയുടെ കുത്തിയിരിപ്പ് സമരം.വിവാഹവാഗ്ദാനം നല്‍കി അഞ്ച് മാസത്തോളം ഒപ്പം താമസിപ്പിച്ച ശേഷം യുവാവ് മുങ്ങി എന്നാണ് യുവതിയുടെ പരാതി. കല്ലേസോമനഹള്ളി സ്വദേശിയായ സൂര്യ എന്ന യുവാവിനും കുടുംബത്തിനും എതിരെയാണ് യുവതിയുടെ സമരം.നാലുമാസമായി ഞങ്ങള്‍ ഒരുമിച്ചാണ്. വിവാഹത്തിന് സൂര്യയുടെ വീട്ടുകാർ സമ്മതിച്ചതാണ്. മകളുടെ വിവാഹശേഷം നടത്താമെന്ന് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസം 24ന് ഓഫീസില്‍ വന്ന സൂര്യയെ പിന്നീട് കണ്ടിട്ടില്ല. ഹാസൻ ജില്ലയിലെ ചന്നരായപട്ടണ താലൂക്കില്‍ പെട്ട കല്ലേസോമനഹള്ളിയിലാണ് യുവതിയുടെ നാടകീയ പ്രതിഷേധ സമരം.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലായ സൂര്യയും യുവതിയും അഞ്ച് മാസത്തോളമായി ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്നു.എന്നാല്‍ യുവതി മറ്റൊരു ജാതിയില്‍പ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി സൂര്യയുടെ മാതാപിതാക്കള്‍ വിവാഹത്തെ എതിർത്തു. ഇതിന് പിന്നാലെ യുവാവ് തന്നെ ഉപേക്ഷിച്ച്‌ കടന്നെന്നാണ് യുവതിയുടെ ആരോപണം. നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി യുവതി നേരത്തെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പിന്നാലെ ഒക്ടോബർ 22-ന് ചന്നരായപട്ടണ റൂറല്‍ പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.

ഞായറാഴ്ച വീണ്ടും സംസാരിക്കാമെന്ന് സൂര്യയുടെ മാതാപിതാക്കള്‍ സമ്മതിച്ചിരുന്നെങ്കിലും, യുവതി എത്തുന്നതിന് മുമ്പായി ഇവർ വീട് പൂട്ടി മുങ്ങിയെന്നാണ് പരാതി. ഇതിന് പിന്നാലെയാണ് യുവാവിന്റെ വീട്ടുപടിക്കല്‍ ഇവർ ധർണ ആരംഭിച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പ്രതിഷേധം. സംഭവത്തില്‍ ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി പൊലീസ് ഇടപെട്ട് തനിക്ക് നീതി ഉറപ്പാക്കണമെന്നാണ് യുവതിയുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group