കോഴിക്കോട്: ചിക്കൻ ബിരിയാണിയില്‍ കോഴിത്തൂവല്‍ കണ്ടെത്തിയെന്ന പരാതിയില്‍ കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള സാഗർ ഹോട്ടലിന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.വെങ്ങാലി സ്വദേശി റെനീഷ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികള്‍ സ്വീകരിക്കും.കഴിഞ്ഞ ദിവസമാണ് റെനീഷ് സാഗർ ഹോട്ടലില്‍നിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. പ്ലേറ്റിലേക്ക് മാറ്റുന്നതിനിടെ ഇറച്ചിയില്‍ കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി.
തുടർന്ന് ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും പരാതി നിസാരവത്കരിച്ചെന്നാണ് റെനീഷിന്റെ ആരോപണം. ഇതോടെ ബിരിയാണിയുമായി ഹോട്ടലിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാല് മണിക്കൂറോളം പ്രതിഷേധം തുടർന്നു.തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവില്‍ റെനീഷിനോട് മാപ്പ് പറയുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതായി ഹോട്ടല്‍ അധികൃതർ അറിയിച്ചു. എന്നാല്‍, ഹോട്ടലിന് മുന്നിലെ പ്രതിഷേധം മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അധികൃതർ ആരോപിച്ചു. ഹോട്ടലിലേക്ക് ചിക്കൻ വിതരണം ചെയ്യുന്ന സ്ഥാപനത്തിനെതിരെയും റെനീഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.