Home തിരഞ്ഞെടുത്ത വാർത്തകൾ സിജെപി നേതാക്കൾ കസ്റ്റഡിയിൽ; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി, യുഎൻ മനുഷ്യാവകാശ സംഘടനയ്‌ക്കെതിരെ കേന്ദ്രം

സിജെപി നേതാക്കൾ കസ്റ്റഡിയിൽ; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി, യുഎൻ മനുഷ്യാവകാശ സംഘടനയ്‌ക്കെതിരെ കേന്ദ്രം

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് വിദ്യാർത്ഥി സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പൊലീസ് വിട്ടയച്ചു.സിജെപി നേതാക്കള്‍ ഒഴികെ തടങ്കല്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. നിയമനടപടികള്‍ തുടരുന്നതിനാല്‍ സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍ തന്നെ തുടരും.അതിനിടെ, കസ്റ്റഡിയിലുള്ള അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി മരണപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പോലീസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് ഡല്‍ഹിയില്‍ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ഇന്ന് മുതല്‍ ട്രെയിനുകള്‍ സാധാരണ നിലയില്‍ സർവീസ് നടത്തുമെന്ന് നോർത്തേണ്‍ റെയില്‍വേ അറിയിച്ചു. ഡല്‍ഹി മെട്രോയുടെ അടച്ചിട്ടിരുന്ന 45 സ്റ്റേഷനുകളും വീണ്ടും തുറന്നുവെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷൻ വ്യക്തമാക്കി.ദില്ലിയിലെ പ്രതിഷേധക്കാരെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന ആശങ്ക പ്രകടിപ്പിച്ചു. സമാധാനപരമായ കൂടിച്ചേരലുകള്‍ക്കുള്ള അവകാശം ഹനിക്കരുതെന്നും, അമിതാധികാരപ്രയോഗം ഒഴിവാക്കി ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച്‌ ചർച്ചകള്‍ നടത്തണമെന്നും യു.എൻ ആവശ്യപ്പെട്ടു.

എന്നാല്‍ യു.എൻ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവന കേന്ദ്രസർക്കാർ തള്ളി. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ക്രമസമാധാന പാലനത്തിനായി ഏതൊരു രാജ്യത്തെയും പോലെ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സർക്കാരിന് അവകാശമുണ്ട്. ലോകത്ത് നടക്കുന്ന മറ്റു പല പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന യു.എൻ നിലപാടിനെയും ഇന്ത്യ വിമർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group