ബെംഗളൂരു: മെട്രോ നിർമ്മാണത്തിനായി മുറിച്ചുമാറ്റിയ ഓരോ മരത്തിനും പകരം 10 തൈകള്‍ വീതം വെച്ചുപിടിപ്പിക്കുമെന്ന വാഗ്ദാനം ബിഎംആർസിഎല്‍ പാലിച്ചില്ലെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്.21,604 തൈകളാണ് ഇത്തരത്തില്‍ ബെംഗളൂരു മെട്രോ വെച്ചു പിടിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ തൈകള്‍ വെച്ചുപിടിപ്പിച്ചതിന്റെ യാതൊരു രേഖയും മെട്രോ അധികാരികളുടെ പക്കലില്ലെന്ന് സിഎജി കണ്ടെത്തി. തൈകള്‍ നട്ടതിന്റെയോ അവ പരിപാലിച്ചതിന്റെയോ യാതൊരുവിധ ഔദ്യോഗിക രേഖകളും ലഭ്യമായില്ലെന്ന് സി.എ.ജി ഓഡിറ്റ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2006 മുതല്‍ക്ക് മെട്രോ നിർമാണത്തിന്റെ ഒന്നാം ഘട്ടത്തില്‍ രണ്ടായിരത്തിലധികം മരങ്ങളാണ് മെട്രോ അധികാരികള്‍ വെട്ടിമാറ്റിയത്. 2,106 മരങ്ങള്‍ മുറിക്കാൻ വനംവകുപ്പ് ബിഎംആർസിഎല്ലിന് അനുമതി നല്‍കിയിരുന്നു. വനം വകുപ്പുമായുള്ള കരാർ അനുസരിച്ച് മുറിച്ചുമാറ്റിയ ഒരു മരത്തിന് 10 തൈകള്‍ വീതം (ആകെ 21,060 തൈകള്‍) നട്ടുപിടിപ്പിക്കുകയും മൂന്ന് വർഷത്തേക്ക് പരിപാലിക്കുകയും വേണമായിരുന്നു. ബി.ബി.എം.പി, ബിഡിഎ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് തൈകള്‍ നട്ടതെന്ന് മെട്രോ അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അവ എവിടെ നട്ടുവെന്നോ, എത്രയെണ്ണം ഇപ്പോള്‍ നിലവിലുണ്ടെന്നോ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ മെട്രോയ്ക്ക് കഴിഞ്ഞിട്ടില്ല.രണ്ടാം ഘട്ടത്തില്‍ 3,246 മരങ്ങള്‍ മുറിക്കുകയും 817 മരങ്ങള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ 40,630 തൈകള്‍ വെച്ചുപിടിപ്പിക്കേണ്ട സ്ഥാനത്ത്, വെറും 1,400 തൈകള്‍ നടാനും പരിപാലിക്കാനുമായി 40 ലക്ഷം രൂപയുടെ ഒരു കരാർ ഒരു സ്വകാര്യ ഏജൻസിക്ക് നല്‍കുക മാത്രമാണ് ബിഎംആർസിഎല്‍ ചെയ്തത്. എന്നാല്‍ 2024 ഫെബ്രുവരി മുതല്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനായി ഓപ്പണ്‍ ടെൻഡറുകള്‍ വിളിച്ചു തുടങ്ങിയതായി കമ്പനി വിശദീകരിച്ചു. അതെസമയം നിർമ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ ബിഎംആർസിഎല്ലിന് പ്രത്യേക ഫോറസ്റ്റ് ഡിവിഷൻ ഉണ്ടായിരുന്നില്ലെന്ന് കമ്പനി വക്താവിനെ ഉദ്ധരിച്ച് വാർത്താമാധ്യമങ്ങള്‍ പറയുന്നു. ചില തൈകള്‍ ബെംഗളൂരുവിന് പുറത്തുള്ള ജില്ലകളില്‍ നട്ടിട്ടുണ്ടെന്നും, അതിന് കൃത്യമായ രേഖകളില്ലെന്നും അധികൃതർ സമ്മതിച്ചു. തൈകള്‍ കൃത്യമായി പരിപാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ബിഎംആർസിഎല്‍ സമ്മതിച്ചതായാണ് റിപ്പോർട്ടുകള്‍.
ബെംഗളൂരുവിലെ കാലാവസ്ഥാ വ്യതിയാനപരമായ പ്രശ്നങ്ങള്‍ നേരിടാൻ അധികാരികള്‍ ആലോചനകള്‍ നടത്തുന്നതിനിടയിലാണ് നഗരത്തിലെ ഏറഅറവും വലിയ അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായി നടന്ന അഴിമതി പുറത്തു വന്നിരിക്കുന്നത്. മാറിമാറി വരുന്ന സർക്കാരുകള്‍ പുലർത്തുന്ന പരിസ്ഥിതി വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത് പരിസ്ഥിതി സംഘടനകള്‍ സജീവമാണ് ബെംഗളൂരുവില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ധാരാളം തടാകങ്ങളും മരങ്ങളും നിറഞ്ഞിരുന്ന ബെംഗളൂരു നഗരത്തില്‍ ഇന്ന് അവയുടെ എണ്ണം നന്നെ കുറഞ്ഞിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തടാകങ്ങള്‍ കൈയേറിയും മരങ്ങള്‍ വെട്ടിമാറ്റിയും അധികാരികളും, സ്വകാര്യ ബിസിനസ്സുകളും മുമ്പോട്ട് പോകുന്നതിനെതിരെ പരിസ്ഥിതിവാദികള്‍ ശബ്ദമുയർത്തുന്നുണ്ട്. നഗരത്തിലെ കുടിവെള്ളക്ഷാമവും, ഉയരുന്ന താപനിലയും ഇത്തരം പരിസ്ഥിതിവിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണെന്ന് സംഘടനകള്‍ പറയുന്നു.