Home കർണാടക ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോ? ശക്തമായ പ്രക്ഷോഭവുമായി കര്‍ഷകര്‍

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോ? ശക്തമായ പ്രക്ഷോഭവുമായി കര്‍ഷകര്‍

by ടാർസ്യുസ്

ബെംഗളൂരു: കർണാടക സർക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യം ശക്തമാവുന്നു.പല കോണുകളില്‍ നിന്നും പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധവും എതിർപ്പും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് എഐ സിറ്റിയെന്ന ഡികെ ശിവകുമാറിന്റെ സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങള്‍ പറക്കുന്നത്.ബിദാദിയില്‍ നിർദ്ദേശിച്ചിട്ടുള്ള ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിക്കെതിരെ കർഷകർ തിങ്കളാഴ്‌ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടൻ നിർത്തിവെക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതിനാവട്ടെ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ പിന്തുണയും നല്‍കുന്നുണ്ട്.

ആയിരക്കണക്കിന് കർഷകർ ബിദാദി ഹരോഹള്ളി പ്രധാന റോഡില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു. റോഡില്‍ ഇരുന്നും കാളവണ്ടികളും ട്രാക്‌ടറുകളും റോഡില്‍ നിർത്തിയുമാണ് സമരം നടത്തിയത്. സംസ്ഥാന പാതയായ ഈ റോഡിന് സമീപം നിരവധി വ്യവസായ സ്ഥാപനങ്ങളുമുണ്ട്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് കർഷകർ ശക്തമായ പ്രതിഷേധം നടത്തുന്നത്.പുരുഷന്മാർ പദ്ധതിക്കെതിരായ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചപ്പോള്‍ സ്ത്രീകള്‍ ചൂലുകളുമായാണ് സമരത്തിനെത്തിയത്. റോഡില്‍ സമരപ്പന്തല്‍ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞതായാണ് പ്രതിഷേധിക്കുന്ന കർഷകർ പറയുന്നത്. കടുത്ത ചൂടും മഴയും അവഗണിച്ചാണ് സമരം തുടരുന്നതെന്നും പിന്നോട്ടില്ലെന്നും കർഷകർ വ്യക്തമാക്കി.കർഷകരുടെ പ്രതിഷേധം പോലീസ് തടയാൻ ശ്രമിച്ചതിനെ കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി വിമർശിച്ചു. ഭൂമി സംരക്ഷിക്കാനായി സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനുള്ള ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

സമരത്തിനായി പന്തല്‍ സ്ഥാപിക്കാൻ ശ്രമിച്ചപ്പോള്‍ പോലീസ് അത് പിടിച്ചെടുത്തെന്നും കർഷകരെ കടുത്ത ചൂടില്‍ ഇരിക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, റോഡില്‍ പന്തല്‍ സ്ഥാപിക്കാൻ പോലീസ് അനുവദിക്കാതിരുന്നത് ഗതാഗത തടസം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണെന്ന് ബിദാദി പോലീസ് വ്യക്തമാക്കി. റോഡിന് പകരം മറ്റൊരു സ്ഥലത്ത് പന്തല്‍ സ്ഥാപിക്കാൻ കർഷകരോട് നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. റോഡില്‍ പന്തല്‍ സ്ഥാപിക്കുന്നതിനെ മാത്രമാണ് തടഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.പ്രതിഷേധ സ്ഥലത്ത് അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തെ ഗതാഗതം സുഗമമായി നിലനിർത്താനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമരം തുടരാനാണ് കർഷകരുടെ തീരുമാനം. ബിദാദി പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉന്നതതല സമിതിയെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി പൂർണമായും ഉപേക്ഷിച്ചതായി അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group