ബെംഗളൂരു: ബണ്ണാർഘട്ട റോഡിലേക്ക് മെട്രോ സർവീസ് ഒക്ടോബർ രണ്ടാം വാരത്തോടെ എത്തുമെന്ന് പ്രതീക്ഷ. ബംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് പിങ്ക് ലൈനിന്റെ എലിവേറ്റഡ് ട്രാക്ക് തുറക്കുന്നതിനുള്ള നിർണായക നടപടികളില്‍ മറ്റൊരു ഘട്ടം കൂടി പൂർത്തിയാക്കിയതോടെയാണ് സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലായത്.7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയില്‍ ആറ് മെട്രോ ട്രെയിനുകളാണ് സർവീസ് നടത്തുക. തിരക്കേറിയ സമയങ്ങളില്‍ ആറ് മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളയിലുമാകും ട്രെയിനുകള്‍ ഓടുകയെന്ന് അധികൃതർ അറിയിച്ചു. സിഗ്നലിങ് സംവിധാനത്തിന് ആവശ്യമായ സ്വതന്ത്ര സുരക്ഷാ വിലയിരുത്തല്‍ സർട്ടിഫിക്കറ്റ് ഏതാനും ദിവസം മുമ്പ് ലഭിച്ചതോടെയാണ് സർവീസ് ആരംഭിക്കുന്നതിനുള്ള പ്രധാന തടസങ്ങളിലൊന്ന് നീങ്ങിയത്.
ട്രെയിനുകള്‍ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതിനുള്ള റെയില്‍വേ ബോർഡിന്റെ അനുമതിയും ഈ ആഴ്ച അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുമായി ബിഎംആർസിഎല്‍ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. നിയമപ്രകാരമുള്ള സുരക്ഷാ പരിശോധനയ്ക്ക് ആവശ്യമായ രേഖകളും ഉദ്യോഗസ്ഥർ സമർപ്പിക്കും.പരിശോധനയ്ക്കായി വിശദമായ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒക്ടോബർ ആദ്യ വാരത്തോടെ പരിശോധനയും അനുമതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.സുരക്ഷാ പരിശോധന രണ്ട് ദിവസമായിരിക്കും നടക്കുക. കൊത്തനൂർ ഡിപ്പോ, ബണ്ണാർഘട്ട റോഡിലെ ആറ് മെട്രോ സ്റ്റേഷനുകള്‍, ഉയർന്ന പാതയിലെ ട്രാക്കുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവ പരിശോധനയുടെ ഭാഗമാകും.പരിശോധനയും സുരക്ഷാ അനുമതിയും പൂർത്തിയായാല്‍ യാത്രക്കാരുടെ സർവീസ് ആരംഭിക്കാൻ ബിഎംആർസിഎല്‍ തയ്യാറാകും. സിഗ്നലിങ് സംവിധാനത്തിന്റെയും മറ്റ് അനുബന്ധ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന സ്വതന്ത്ര സുരക്ഷാ വിലയിരുത്തല്‍ സർട്ടിഫിക്കറ്റ് ബെംഗളൂരു ആസ്ഥാനമായ ജോഡോവ ടെക്നോളജീസ് ആണ് നല്‍കിയത്.ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റം സമർപ്പിച്ച സുരക്ഷാ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും സർട്ടിഫിക്കേഷനും. ട്രെയിൻ പ്രവർത്തന സംവിധാനത്തില്‍ രണ്ടാം തലത്തിലുള്ള ഭാഗിക ഓട്ടോമാറ്റിക് ട്രെയിൻ നിയന്ത്രണ സംവിധാനവും ഉള്‍പ്പെടുന്നു.
ട്രെയിനുകളുടെ പ്രവർത്തനവും സിഗ്നലിങ് സംവിധാനവും സുരക്ഷിതമായി ഏകോപിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.പുതിയ ട്രെയിനുകളുടെ പരിശോധന ഓഗസ്റ്റ് 12 മുതല്‍ 14 വരെ നടത്തിയിരുന്നു. സെപ്റ്റംബർ ഏഴിന് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറില്‍ നിന്ന് ട്രെയിനുകളുമായി ബന്ധപ്പെട്ട അനുമതിയും ലഭിച്ചു. എന്നാല്‍ യാത്രക്കാരുടെ സർവീസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് റെയില്‍വേ ബോർഡിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.പിങ്ക് ലൈൻ തുറക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ചിരുന്ന പല സമയപരിധികളും ബിഎംആർസിഎല്ലിന് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് ട്രെയിനുകള്‍ക്ക് ആവശ്യമായ നിയമപരമായ അനുമതികള്‍ വൈകിയതാണ് ഏറ്റവും ഒടുവിലത്തെ കാലതാമസത്തിന് കാരണമായത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.കലേന അഗ്രഹാര മുതല്‍ താവരേക്കരെ വരെയാണ് ബണ്ണാർഘട്ട റോഡിലെ പിങ്ക് ലൈൻ. കലേന അഗ്രഹാര, ഹുളിമാവ്, ജെപി നഗർ നാലാം ഘട്ടം, ഐഐഎംബി, ജയദേവ ആശുപത്രി, താവരേക്കരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. പിങ്ക് ലൈനിന്റെ ഈ ഭാഗം തുറക്കുന്നതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിലോമീറ്ററായി ഉയരും.