ബെംഗളൂരു: ബെല്ലാരി റോഡിലെ സദഹള്ളി ജംഗ്ഷനില്‍ 750 മീറ്റർ നീളമുള്ള ആറ് വരി അണ്ടർപാസിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്.ദേശീയപാത അതോറിറ്റിയാണ് 35 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം ഒരു വർഷത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് സദഹള്ളിയില്‍ അണ്ടർപാസ് ഒരുങ്ങുന്നത്.സദഹള്ളി ജംഗ്ഷനിലെ പ്രധാന റോഡിലെ ഗതാഗത സിഗ്നല്‍ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ബെംഗളൂരുവിനെയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ബെല്ലാരി റോഡിലെ ഗതാഗതം ഇതോടെ കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ.

അണ്ടർപാസിന്റെ കരാർ ഇതിനകം നല്‍കിയിട്ടുണ്ട്. നിർമ്മാണത്തിനായി തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും സ്ഥലത്ത് എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിപ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന ജോലിയും ആരംഭിച്ചു. ഗതാഗതത്തെ പരമാവധി ബാധിക്കാതിരിക്കാനായി ഘട്ടംഘട്ടമായാണ് നിർമ്മാണം നടത്തുക.ആദ്യഘട്ടത്തില്‍ പ്രധാന റോഡിലെ രണ്ട് വരികളില്‍ റിട്ടെയ്നിങ് ഘടനകള്‍ സ്ഥാപിച്ച ശേഷം കുഴിയെടുക്കല്‍ ആരംഭിക്കും. നിർമ്മാണം പുരോഗമിക്കുന്നതിനനുസരിച്ച് ഗതാഗതം വഴിതിരിച്ചുവിടും. ഇതിനായി ട്രാഫിക് പോലീസില്‍ നിന്ന് അനുമതി നേടിയിട്ടുണ്ട്. എൻഎച്ച്എഐയുടെ കണക്കുകള്‍ പ്രകാരം പ്രതിദിനം 1.1 ലക്ഷത്തിലധികം വാഹനങ്ങളാണ് സദഹള്ളി ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നത്.നിർദ്ദിഷ്ട അണ്ടർപാസ് നിർമ്മാണം നടക്കുന്ന ജങ്ഷനില്‍ നിന്ന് ടോള്‍ പ്ലാസ കുറച്ച് അകലെയാണ്. ഹെബ്ബാള്‍ മുതല്‍ സദഹള്ളി വരെയുള്ള 22 കിലോമീറ്റർ പ്രധാന പാതയില്‍ നിലവിലുള്ള ഏക ട്രാഫിക് സിഗ്നലാണ് സദഹള്ളി ജംഗ്ഷനിലേത്. അണ്ടർപാസ് പൂർത്തിയാകുന്നതോടെ ഈ സിഗ്നല്‍ ഒഴിവാക്കാനാകും. ഇത് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സുഗമമാക്കുമെന്നാണ് പ്രതീക്ഷ.
സദഹള്ളി അണ്ടർപാസ് പദ്ധതിക്ക് പുറമെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന് സമീപവും റോഡ് നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ എയർഫോഴ്സ് സ്റ്റേഷന് സമീപം സർവീസ് റോഡ് നിർമ്മിക്കും. എയ്റോ ഇന്ത്യ 2027ന് മുമ്പ് ഈ ഘട്ടം പൂർത്തിയാക്കാനാണ് പദ്ധതി. ഫെബ്രുവരിക്ക് ശേഷം ‘കട്ട് ആൻഡ് കവർ’ രീതിയിലുള്ള നിർമ്മാണം ആരംഭിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.സദഹള്ളി അണ്ടർപാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രധാന റോഡിലെ സിഗ്നല്‍ ഒഴിവാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ നിർമ്മാണം നടക്കുന്ന സമയത്ത് മേഖലയില്‍ ഗതാഗത കുരുക്ക് ഉണ്ടാവുമോ എന്ന ആശങ്കയാണ് പ്രധാനമായും യാത്രക്കാർ ഉന്നയിക്കുന്നത്.