ബെംഗളൂരു: കർണാടകയില്‍ ആമസോണിന്റെ രണ്ട് സംഭരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ കണ്ടെത്തി.4 ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകളാണ് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്. ലൈസൻസില്ലാതെയാണ് ഈ മരുന്നുകള്‍ ആമസോണ്‍ സൂക്ഷിച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്. റെയ്ഡ് നടന്ന രണ്ട് കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.ആമസോണ്‍ ഗോഡൗണുകളില്‍ മരുന്നുകള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പിന്റെ നടപടി.

സ്റ്റേറ്റ് ഇന്റലിജൻസ് വിംഗ് അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഡ്രഗ് ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന 2,45,352 രൂപയുടെ മരുന്നുകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍, ബെംഗളൂരു റൂറല്‍ ഡ്രഗ്സ് ഇൻസ്പെക്ടർ വിഭയുടെ നേതൃത്വത്തില്‍ ആമസോണിന്റെ ലൈസൻസില്ലാത്ത മറ്റൊരു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 1,57,000 രൂപയുടെ മരുന്നുകള്‍ കണ്ടുകെട്ടി. രണ്ട് കേന്ദ്രങ്ങളില്‍ നിന്നായി ആകെ 4,02,352 രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്.നിയമവിരുദ്ധമായി മരുന്നുകള്‍ സൂക്ഷിച്ചതിന് ആമസോണിനെതിരെ ഔഷധ നിയന്ത്രണ നിയമപ്രകാരം കേസ് നടപടികള്‍ സ്വീകരിക്കും. അതെസമയം മാധ്യമങ്ങള്‍ പ്രതികരണത്തിനായി സമീപിച്ചെങ്കിലും ആമസോണ്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഹോക്കിആമസോണിലൂടെ ഉമ്മത്തിൻകായ ഭക്ഷ്യവസ്തുവെന്ന നിലയില്‍ വില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയർത്തിയ സംഭവം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. വിഷക്കായയായ ഉമ്മത്തിൻകായ ഭക്ഷ്യവസ്തുവായി വില്‍ക്കുക മാത്രമല്ല, മറ്റ് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനൊപ്പം ഓഫറിലൂടെ സൗജന്യമായി ഈ കായ നല്‍കുകയും ചെയ്തു. സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാർ നടപടിയെടുത്തു.
ആമസോണ്‍ , സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് , ബിഗ് ബാസ്ക്കറ്റ് എന്നീ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ഉമ്മത്തിൻകായ വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഇതോടെ ഇവരുടെ ഭക്ഷ്യവല്തുക്കള് വില്‍ക്കാനുള്ള ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ റദ്ദ് ചെയ്തു.എഫ്എസ്എസ്എഐ ഫുഡ് ലൈസൻസ് നമ്പറുകളോടെയാണ് വിഷക്കായ ആമസോണില്‍ വില്‍പ്പന നടത്തിയിരുന്നത് എന്നത് കൂടുതല്‍ ഗൗരവതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്.ആയുർവ്വേദ ഔഷധ നിർമാണത്തിനും മറ്റും ഉമ്മത്തിൻകായ ഉപയോഗിക്കാറുണ്ട്. ഇത് ഭക്ഷ്യയോഗ്യമല്ല. അകത്ത് ചെന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. മരണം വരെ സംഭവിക്കാം. 18 മുതല്‍ 20 രൂപ വരെ നിരക്കില്‍ പഴവർഗ്ഗങ്ങളുടെ കൂട്ടത്തിലാണ് ഇവ വിറ്റഴിച്ചിരുന്നത് എന്നതിനാല്‍ വിഷയം ഏറെ ഗൗരവതരമായി മാറി.