Home തിരഞ്ഞെടുത്ത വാർത്തകൾ വിപിവിവി നിക്ഷേപത്തട്ടിപ്പ്: ഒന്നരക്കോടി തട്ടിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി; പ്രതികള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു

വിപിവിവി നിക്ഷേപത്തട്ടിപ്പ്: ഒന്നരക്കോടി തട്ടിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി; പ്രതികള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു

by ടാർസ്യുസ്

ന്യൂഡല്‍ഹി: വിപിവിവി നിക്ഷേപത്തട്ടിപ്പില്‍ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി.കേസിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ അറസ്റ്റിലായ പ്രധാന പ്രതികള്‍ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.കേസില്‍ നേരത്തെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട വെങ്കിട്, രാഹുല്‍ രാജീവ് നായര്‍, ഹിതേഷ് കുമാര്‍ എന്നിവര്‍ക്കാണ് പട്യാല ഹൗസ് കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഭവ്യ കരായില്‍ ജാമ്യം അനുവദിച്ചത്.ഇന്‍ഡോയുഎസ് പസഫിക് പീസ് ട്രീറ്റിയുടെ ഭാഗമായി അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുടെ നിര്‍മ്മാണക്കരാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.ഐ.ടി ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ മധു നമ്പ്യാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.ഒന്നരക്കോടി രൂപയുടെ നഷ്ടത്തിന് പ്രതികള്‍ 2 കോടി രൂപ നഷ്ടപരിഹാരമായി തിരികെ നല്‍കാമെന്ന വ്യവസ്ഥയിലാണ് പരാതിക്കാരുടെ ഭാഗം കേസ് പൂര്‍ണ്ണമായി ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറായതെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഒത്തുതീര്‍പ്പ് കരാറിന്റെ ആദ്യപടിയായി ഒരു കോടി രൂപ വി.വി.പി.പി കമ്പനി തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതിനകം കൈമാറിക്കഴിഞ്ഞതായി പരാതിക്കാരന്റെ അഭിഭാഷകന്‍ വിചാരണ വേളയില്‍ കോടതിയില്‍ വ്യക്തമാക്കി.അടുത്ത ആഴ്ചയോടെ ബാക്കി തുക കൂടി ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകുന്നതോടെ കേസ് പൂര്‍ണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

തട്ടിപ്പില്‍ കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാദിച്ച ഡല്‍ഹി പോലീസ്, കേസ് ഒത്തുതീര്‍പ്പായതോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനായ അശോക് അഹ്ലാവത്തും കോടതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്നതോടെയാണ് നിലപാട് മാറ്റി പോലീസ് പ്രതികളുടെ ജാമ്യത്തിന് വഴിയൊരുക്കിയത്.രണ്ട് ലക്ഷം രൂപ വീതം ആള്‍ജാമ്യം കെട്ടിവയ്ക്കണമെന്ന കര്‍ശന വ്യവസ്ഥയിലാണ് മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുള്ളത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group