തിരക്കേറിയ നഗരജീവിതത്തിനിടയിലും യാത്രക്കാർ പരസ്പരം പരിഗണനയോടെ പെരുമാറുന്ന കാഴ്ചകള്‍ ശ്രദ്ധ നേടാറുണ്ട്. ബെംഗളൂരു മെട്രോയിലെ യാത്രയ്ക്കിടെ കണ്ട അത്തരമൊരു അനുഭവമാണ് ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാർ ക്യൂ പാലിക്കുന്നതും പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നതും കണ്ടതോടെയാണ് ബെംഗളൂരുവിലെ യാത്രക്കാരുടെ അച്ചടക്കത്തെ അവർ പ്രത്യേകം പ്രശംസിച്ചത്.ട്രെയിനില്‍ കയറുന്നതിനായി യാത്രക്കാർ ക്രമമായി ക്യൂ നില്‍ക്കുന്നതാണ് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ട പ്രധാന കാര്യം.

തിരക്കുണ്ടായിട്ടും മറ്റുള്ളവരെ തള്ളിമാറ്റാതെ സ്വന്തം ഊഴത്തിനായി കാത്തുനില്ക്കുന്ന യാത്രക്കാരുടെ സമീപനത്തെ അവർ അഭിനന്ദിച്ചു. പൊതുഗതാഗത സംവിധാനങ്ങളില്‍ തിരക്ക് സാധാരണ കാഴ്ചയായിരിക്കുമ്പോള്, ഇത്തരത്തില്‍ ക്രമം പാലിക്കുന്ന യാത്രക്കാരെ കാണുന്നത് സന്തോഷം നല്‍കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് സീറ്റ് നല്കുന്ന പുരുഷ യാത്രക്കാരെയും യുവതി പ്രത്യേകം പരാമർശിച്ചു. മുതിർന്നവർക്കും ആവശ്യമുള്ളവർക്കും ഇരിക്കാൻ അവസരം നല്കുന്ന യാത്രക്കാരുടെ മനോഭാവവും അവർ പ്രശംസിച്ചു. ചെറിയൊരു മര്യാദയായി തോന്നുന്ന ഇത്തരം പെരുമാറ്റങ്ങളാണ് തിരക്കേറിയ പൊതുഗതാഗത യാത്രയെ കൂടുതല്‍ സൗകര്യപ്രദവും മാന്യവുമാക്കുന്നതെന്നാണ് യുവതിയുടെ അഭിപ്രായം.
യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ബെംഗളൂരു മെട്രോയിലെ യാത്രക്കാരുടെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ചവരോടൊപ്പം, പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട അച്ചടക്കവും പരസ്പര ബഹുമാനവും കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായങ്ങളും ഉയർന്നു. സാധാരണ ഒരു മെട്രോ യാത്രയില്‍ കണ്ട ചെറിയ നല്ല കാര്യങ്ങള്‍ പങ്കുവച്ചതോടെ ‘സിവിക് സെൻസ്’ എങ്ങനെയായിരിക്കണം എന്ന ചർച്ചയ്ക്കും ഈ പോസ്റ്റ് വഴിവെച്ചിരിക്കുകയാണ്.