Home തിരഞ്ഞെടുത്ത വാർത്തകൾ അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ വൈകും, അന്വേഷണം പുരോഗമിക്കുന്നു

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ വൈകും, അന്വേഷണം പുരോഗമിക്കുന്നു

by ടാർസ്യുസ്

കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് സൂചന. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിനും നിയമ നടപടികള്‍ക്കും ശേഷം മാത്രമേ മൃതദേഹങ്ങള്‍ വിട്ടു നല്‍കൂവെന്നാണ് വിവരം. ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ കോട്ടയം സ്വദേശി യായ അനിലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മില്‍പീറ്റസില്‍ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. അഞ്ജനയെ അനില കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. അതേസമയം ആനിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററില്‍ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. അഞ്ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷ് ആണ് ഭർത്താവ്. ഒരു ആറുവയസ്സുകാരി മകളുണ്ട്.

കോട്ടയം സ്വദേശിയായ ആനിൻ്റെ ഭർത്താവ് ജേക്കബ് (മിഥുൻ) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള കാർ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്ത്രീയാണെന്നും അവർ വിവരം നല്‍കി. മ‍ില്‍പീറ്റസ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയില്‍ അഞ്ജനയെ ഇടിച്ച കാർ മുൻഭാഗം തകർന്ന നിലയില്‍ കിടക്കുന്നത് പൊലീസ് കണ്ടെത്തി. പിന്നാലെ വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ ആനിൻ്റെ ഭർത്താവ് ജേക്കബാണ് വീടിനുള്ളില്‍ ഭാര്യ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്താണ് കൊലപാതകങ്ങള്‍ക്ക് കാരണം എന്ന് വ്യക്തമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group