കോഴിക്കോട്: നാദാപുരത്ത് മൊബൈല്‍ഫോണ്‍ കടയില്‍ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകള്‍ മോഷ്ടിച്ചെന്നാണ് പരാതി.വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണില്‍ പ്രവർത്തിക്കുന്ന കടയിലാണ് സംഭവം.ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഫോണുകള്‍ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈല്‍ഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു.വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണസംഘത്തില്‍ ഒന്നിലധികംപേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നിലവില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
