ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറില്‍ നടത്തിയ സമരം അവസാനിപ്പിക്കാൻ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത പക്ഷം വീണ്ടും ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നല്‍കി.രാജ്യത്തെ യുവാക്കളുടെ വിശ്വാസം ലംഘിച്ച് കേന്ദ്ര സർക്കാർ വിഫലമായ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്ന് പ്രക്ഷോഭ സംഘടന ആരോപിച്ചു.
ശാന്തമായ പ്രക്ഷോഭം അവസാനിപ്പിക്കാനായി നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്നീട് പിന്മാറുന്നത് തലമുറയോട് കാണിക്കുന്ന അനീതിയാണെന്നും, വാക്കുകള്‍ അക്ഷരാർത്ഥത്തില്‍ പാലിക്കപ്പെടണമെന്നും സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിദ്യാർത്ഥികള്‍ക്കെതിരെയുള്ള എഫ്.ഐ.ആറുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസുകളുടെ പട്ടിക ഹാജരാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സി.ജെ.പി വക്താക്കളായ സൗരവ് ദാസും രത്‌ന സിംഗും ചൂണ്ടിക്കാട്ടി.വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറാനുള്ള ഏതൊരു നീക്കവും യുവാക്കളോട് കാണിക്കുന്ന ‘വിശ്വാസവഞ്ചന’യായി കണക്കാക്കും.
കേസ് റദ്ദാക്കല്‍, ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, പരീക്ഷാ പരിഷ്കരണ നിർദ്ദേശങ്ങള്‍ നടപ്പിലാക്കല്‍ എന്നീ ആവശ്യങ്ങളിലൂന്നിയാണ് സമരം നിർത്തിവെച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ ഓഗസ്റ്റ് 24-ന് അടിയന്തിര യോഗം ചേരുമെന്നും രാജ്യത്തെ യുവാക്കള്‍ സജ്ജരായിരിക്കണമെന്നും സി.ജെ.പി നേതൃത്വം ആഹ്വാനം ചെയ്തു.