ബെംഗളൂരു: ട്രാഫിക് ഡ്യൂട്ടിക്കിടെ വനിതാ സബ് ഇൻസ്പെക്ടറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിയമ വിദ്യാർത്ഥിയുള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.ബെംഗളൂരു കെ.ആർ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്.ഐ നയന ഡി. നല്കിയ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 12-ന് ഭട്ടരഹള്ളി സിഗ്നലിന് സമീപമായിരുന്നു സംഭവം. അതേസമയം, തർക്കത്തിനിടെ എസ്.ഐ നയന നിയമ വിദ്യാർത്ഥിയുടെ കോളറില്‍ പിടിച്ചു തള്ളുകയും കരണത്തടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓഗസ്റ്റ് 12-ന് രാവിലെ 8.45-ഓടെ ഹേമന്ത് എന്ന നിയമ വിദ്യാർത്ഥിയും ശ്രേയസ് എന്ന കാർ ഡ്രൈവറും തമ്മില്‍ റോഡില്‍ വെച്ച് വാക്കുതർക്കമുണ്ടാകുകയും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വാഹനം മാറ്റി ഗതാഗതം സുഗമമാക്കാൻ ആവശ്യപ്പെട്ട ട്രാഫിക് കോണ്‍സ്റ്റബിള്‍ മഞ്ജുനാഥിനോട് ഹേമന്ത് അസഭ്യം പറഞ്ഞു. തുടർന്ന് ഇടപെട്ട വനിതാ എസ്.ഐയോടും ഇയാള്‍ താൻ അഭിഭാഷകനാണെന്ന് പറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു.ഹേമന്തിന്റെ അശ്ലീല അധിക്ഷേപമാണ് എസ്.ഐയുടെ പ്രകോപനത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. ഇതിനിടെ ഹേമന്തിന്റെ സുഹൃത്ത് രാഹുല്‍ സ്ഥലത്തെത്തി എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച എസ്.ഐയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്.
തുടർന്ന് ഹേമന്തിന്റെ സഹോദരൻ ഹർഷിത് റെഡ്ഡിയും പിതാവ് രാധാകൃഷ്ണ റെഡ്ഡിയും മറ്റ് ചിലരും സ്ഥലത്തെത്തി എസ്.ഐയെ ബോഡി ഷെയിമിംഗ് നടത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. കെ.ആർ പുരം പൊലീസ് ഹേമന്ത് റെഡ്ഡി, രാഹുല്‍, ഹർഷിത് റെഡ്ഡി, രാധാകൃഷ്ണ റെഡ്ഡി എന്നിവർക്കെതിരെ ബി.എൻ.എസ് (BNS) വകുപ്പുകള്‍ 74, 121, 132 പ്രകാരം കേസെടുത്ത് നോട്ടീസ് അയച്ചിട്ടുണ്ട്.