ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർഗെയും തമ്മില്‍ വാക്പോര് തുടരുന്നു.നിങ്ങള്‍ ആർഎസ്എസിനെതിരെ നിലകൊണ്ടാല്‍, നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ ഭീഷണി. ഇത്തരത്തില്‍ ഭീഷണിപ്പെടുത്താൻ നിങ്ങള്‍ ഭീകരസംഘടനയോ അധോലോക മാഫിയയോ ആണോ എന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ചോദ്യം.”ഭീഷണിപ്പെടുത്തുന്ന ഈ വാക്കുകള്‍ക്ക് പിന്നിലെ അർഥമെന്താണ്? ആർഎസ്എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന അധോലോക മാഫിയയാണോ അവർ? എന്റെ വീട്ടില്‍ നിന്ന് പുറത്തുവരാൻ എനിക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ട്, സധൈര്യം സംസാരിക്കാൻ ബാബാസാഹെബ് (ബി.ആർ അംബേദ്കർ) എനിക്ക് തന്ന ധാർമക ധൈര്യമുണ്ട്. ആർഎസ്എസിന്റെ വടികളെ ഭയക്കാൻ സവർക്കറുടെ ചോരയല്ല എന്നില്‍ ഒഴുകുന്നത്, നമ്മുടേത് അംബേദ്കറുടെ ചോരയാണ്. അംബേദ്കർ തന്നത് ധൈര്യമാണ്, ഭയമല്ല” ഖാർഗെ പറഞ്ഞു.
ഒരു പഴയ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക് ഖാർഗെക്ക് അശോക മറുപടി നല്‍കിയത്. ഖാർഗെ കുടുംബം തീരുമാനിച്ചാല്‍ ബിജെപി പ്രവർത്തകരെ കലബുറഗി ജില്ലയില്‍ കാല് കുത്താൻ പോലും അനുവദിക്കില്ല എന്ന് പ്രിയങ്ക് പ്രസംഗിക്കുന്ന വീഡിയോ ആണ് അശോക പങ്കുവെച്ചത്. രാജ്യത്തിന് ഭരണഘടന നല്‍കുകയും ഓരോ പൗരനും തുല്യ മൗലികാവകാശങ്ങള്‍ നല്‍കുകയും ചെയ്ത മഹാനായ മാനവികതാവാദി അംബേദ്കറുടെ രക്തം ഒഴുകുന്നവർ സംസാരിക്കുന്ന ഭാഷയാണോ ഇത് എന്നായിരുന്നു അശോകയുടെ ചോദ്യം.ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് ഒരു രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്നും നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും ഖാർഗെ ആരോപിച്ചിരുന്നു. രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് ഖാർഗെ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.