Home കർണാടക ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വാസം; മാത്തിക്കെരെയില്‍ സബര്‍ബൻ റെയില്‍ ഉള്‍പ്പെടുന്ന ഡബിള്‍ ഡെക്കര്‍ വരും

ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വാസം; മാത്തിക്കെരെയില്‍ സബര്‍ബൻ റെയില്‍ ഉള്‍പ്പെടുന്ന ഡബിള്‍ ഡെക്കര്‍ വരും

by ടാർസ്യുസ്

ബെംഗളൂരു: നഗരവാസികള്‍ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയില്‍ 1.2 കിലോമീറ്റർ നീളമുള്ള ഡബിള്‍ ഡെക്കർ സംവിധാനം ഒരുങ്ങുന്നു.പരിമിതമായ സ്ഥല സൗകര്യത്തില്‍ റോഡിനും റെയില്‍പാതയ്ക്കും ഒരേ ഘടനയില്‍ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.റെയില്‍ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള മോഹൻ കുമാർ റോഡിലാണ് ഈ ഡബിള്‍ ഡെക്കർ ഘടന നിർമ്മിക്കുക.

രണ്ട് നിലകളായിരിക്കും ഇതിന്. താഴത്തെ നില റോഡ് മേല്‍പ്പാലമായും, വാഹന ഗതാഗതത്തിനായും ഉപയോഗിക്കും. മുകളിലെ നിലയില്‍ കോറിഡോർ-2ന്റെ എലിവേറ്റഡ് സബർബൻ റെയില്‍ വയഡക്റ്റ് സ്ഥാപിക്കും.ജനസാന്ദ്രത കൂടുതലുള്ള മാത്തിക്കെരെ-യശ്വന്ത്പുര ഭാഗത്ത് റോഡിനും റെയിലിനും ആവശ്യമായ സ്ഥലം പരിമിതമാണ്. ഈ സാഹചര്യത്തിലാണ് രണ്ട് ഗതാഗത സംവിധാനങ്ങളും ഒരേ ഘടനയില്‍ ഉള്‍പ്പെടുത്തുന്നത്.ഇതിലൂടെ കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം കുറയ്ക്കാനും, റോഡ് ഗതാഗതം സുഗമമാക്കാനും പൊതുഗതാഗത സൗകര്യം വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.ബെംഗളൂരു സബർബൻ റെയില്‍ പാതയിലെ പ്രധാന ഭാഗങ്ങളിലൊന്നായിരിക്കും കോറിഡോർ-2. സബർബൻ റെയിലിന്റെ ആദ്യ ട്രെയിനുകള്‍ ഈ പാതയിലൂടെ സർവീസ് നടത്താനാണ് പദ്ധതിയിടുന്നത്. കോറിഡോർ പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരുവിലെ യാത്രക്കാർക്ക് മറ്റൊരു പൊതുഗതാഗത സംവിധാനം കൂടി ലഭിക്കുമെന്നതാണ് പ്രത്യേകത. നഗരത്തിലെ വിശാലമായ ഗതാഗത ശൃംഖല ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

പരിമിതമായ സ്ഥലത്ത് റോഡ്, റെയില്‍ തുടങ്ങിയ വ്യത്യസ്‌ത ഗതാഗത സംവിധാനങ്ങളെ ഒരുമിച്ച്‌ ഉള്‍പ്പെടുത്തുന്ന എൻജിനീയറിംഗ് മാതൃക എന്ന നിലയിലും മാത്തിക്കെരെയിലെ ഡബിള്‍ ഡെക്കർ ഘടന ശ്രദ്ധേയമായ ഒന്നാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ആവശ്യമായ ഭൂമിയുടെ ആവശ്യകത കുറയ്ക്കാനും ഇതിലൂടെ സാധിക്കും.ഈ ഡബിള്‍ ഡെക്കർ ഘടന ബിഎസ്‌ആർപിയുടെ 25.01 കിലോമീറ്റർ ദൈർഘ്യമുള്ള ‘മല്ലിഗെ ലൈനിലെ ലോട്ടെഗൊല്ലഹള്ളി-യശ്വന്ത്പുര കോറിഡോറിന്റെ ഭാഗമായിരിക്കും. ബെന്നിഗാനഹള്ളിയെ ചിക്കബാനവാരയുമായി ബന്ധിപ്പിക്കുന്നതാണ് ഈ മല്ലിഗെ ലൈൻ. ഏറെക്കാലമായി ബെംഗളൂരുവിലെ യാത്രക്കാർ ആവശ്യപ്പെടുന്നതാണ് സബർബൻ റെയിലിന്റെ പൂർത്തീകരണം. പക്ഷേ പല കാരണങ്ങളാല്‍ വൈകുകയാണ് ഇതിന്റെ നടപടികള്‍.

You may also like

error: Content is protected !!
Join Our WhatsApp Group