ബെംഗളൂരു: റെയില്‍വെ അതീവ ദുര്‍ഘട പാത എന്ന് വിലയിരുത്തുന്ന ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി.രാവിലെ 6.42ന് സക്ലേഷ്പൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 10.55ന് സുബ്രഹ്മണ്യ റോഡ് സ്‌റ്റേഷനിലെത്തി. തെക്ക് പടിഞ്ഞാറന്‍ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണം.ഒട്ടേറെ പ്രത്യേകതളുള്ള റെയില്‍പാതയാണിത്. 50 മീറ്റര്‍ പിന്നിടുമ്പോള്‍ പാതയില്‍ ഒരു മാറ്റം വരുന്ന റൂട്ട് എന്നതാണ് എടുത്തു പറയേണ്ടത്. കൂടാതെ 226 പാലങ്ങളും 57 തുരങ്കങ്ങളും 108 വലിയ വളവുകളുമെല്ലാമുണ്ട്. കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ 30 കിലോമീറ്റര്‍ ആണ് ഈ റൂട്ടിലെ പരമാവധി വേഗത. അതിന് താഴെ വേഗതയിലായിരിക്കും മിക്കപ്പോഴും സര്‍വീസ് നടത്തുക.
ദുര്‍ഘട പാതയിലൂടെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് പിന്‍ഭാഗത്ത് അടിയന്തര ബ്രേക്കിങ് സംവിധാനമുള്ള ബാങ്കര്‍ ലോക്കോമോട്ടീസ് എഞ്ചിനുകള്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ വന്ദേഭാരതിന് അങ്ങനെ ചെയ്യണം എങ്കില്‍ അതിന്റെ രൂപത്തില്‍ മാറ്റം വരുത്തേണ്ടി വരും. അത് സാധിക്കില്ല എന്നതിനാലാണ് കംപ്യൂട്ടര്‍ അധിഷ്ടിത ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനമള്ള (എഇബി) ട്രെയിന്‍ റെയില്‍വെ തയ്യാറാക്കിയിരിക്കുന്നത്.20 കോച്ചുള്ള വന്ദേഭാരത് ട്രെയിന്‍ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇന്ന് മുതല്‍ ഈ മാസം 20 വരെയാണ് പരീക്ഷണം. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ളതിനാല്‍ റിസര്‍ച്ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധരും പരീക്ഷണ ഓട്ടത്തിന്റെ ഭാഗമാകുന്നുണ്ട്. പരീക്ഷണം വിജയകരമാണ് എന്ന് ഉറപ്പിച്ചാല്‍ ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കും. ഏറെ കാലമായുള്ള ആവശ്യമാണ് ഈ സര്‍വീസ്.കഴിഞ്ഞ ജൂണില്‍ ഈ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിരുന്നു.
എന്നാല്‍ പരീക്ഷണത്തിന് സാധാരണ വന്ദേഭാരത് മതിയാകില്ല എന്ന വിലയിരുത്തലാണ് നടപടികള്‍ വൈകാന്‍ കാരണം. ചെന്നയിലെ ഐസിഎഫില്‍ നിന്ന് പ്രത്യേക ബ്രേക്കിങ് സംവിധാനം ഘടിപ്പിച്ച വന്ദേഭാരത് കഴിഞ്ഞാഴ്ചയാണ് മാണ്ഡ്യയിലെത്തിച്ചത്. റെയില്‍വെ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും സര്‍ട്ടിഫിക്കറ്റും ലഭിച്ചാല്‍ മാത്രമേ സര്‍വീസ് തുടങ്ങാന്‍ സാധിക്കൂ.നേരത്തെ സക്ലേഷ്പൂര്‍-സുബ്രഹ്മണ്യന്‍ റോഡ് സെക്ഷനില്‍ മീറ്റര്‍ ഗേജ് ലൈന്‍ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ബ്രോഡ് ഗേജിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള യാത്ര അതിമനോഹരമായിരിക്കും. എന്നാല്‍ സാധാരണ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പോലെ അതിവേഗ സര്‍വീസ് ആയിരിക്കില്ല. വളവും കയറ്റിറക്കങ്ങളും കഴിഞ്ഞുള്ള പാതയില്‍ അതിവേഗത്തില്‍ സര്‍വീസ് നടത്തും.