Home തിരഞ്ഞെടുത്ത വാർത്തകൾ നദിയില്‍ നിന്നിറങ്ങി വന്ന മുതലയ്ക്ക് ‘അഭിഷേകം’; ഭയന്നോടിയ ഭക്തര്‍ക്കിടയില്‍ പൂജ നടത്തി പൂജാരി!

നദിയില്‍ നിന്നിറങ്ങി വന്ന മുതലയ്ക്ക് ‘അഭിഷേകം’; ഭയന്നോടിയ ഭക്തര്‍ക്കിടയില്‍ പൂജ നടത്തി പൂജാരി!

by ടാർസ്യുസ്

കൃഷ്ണാ നദിയിലെ ബീച്ചുപള്ളി പുഷ്കർ ഘട്ടില്‍ പ്രാർഥനകള്‍ക്കായി തടിച്ചുകൂടിയ തീർഥാടകരെയും സന്ദർശകരെയും അമ്പരപ്പിച്ച്‌ ഞായറാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി ഒരു മുതല കരയിലേക്കെത്തി.ജോഗുലാമ്പ ഗാദ്വാള്‍ ജില്ലയിലുള്ള പ്രശസ്തമായ ബീച്ചുപള്ളി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തുടർച്ചയായ അവധി ദിനങ്ങള്‍ കാരണം നദിക്കരയില്‍ വൻ ജനത്തിരക്കാണ് ഉണ്ടായിരുന്നത്.വെള്ളത്തില്‍ നിന്ന് പെട്ടെന്ന് കയറിവന്ന മുതല സമീപത്തെ ഒരു കെട്ടിടത്തിന് നേരെ നീങ്ങിയതോടെ ഘട്ടില്‍ നിന്ന ഭക്തർ പരിഭ്രാന്തരായി ചിതറിയോടി.

എന്നാല്‍ ജനങ്ങള്‍ ഭയന്നോടിയപ്പോഴും, സാധാരണയായി ഇവിടെ പിതൃതർപ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന അനില്‍ ശർമ്മ എന്ന പൂജാരി തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് സ്വീകരിച്ചത്.യാതൊരു ഭയവുമില്ലാതെ മുതലയ്ക്ക് അരികിലേക്ക് ചെന്ന അദ്ദേഹം അതിന് മുന്നിലിരുന്ന് മന്ത്രങ്ങള്‍ ഉച്ചരിക്കുകയും ജലാഭിഷേകം അടക്കമുള്ള പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു.മഴയുടെയും ജലത്തിന്‍റെയും ദൈവമായ വരുണ ഭഗവാന്‍റെ വാഹനമാണ് മുതലയെന്ന മതപരമായ വിശ്വാസമാണ് പൂജ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനില്‍ ശർമ്മ പിന്നീട് വ്യക്തമാക്കി.നാടിന്‍റെ സമൃദ്ധിക്കും മികച്ച മഴയ്ക്കുമായാണ് താൻ ഈ പ്രാർഥനകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴയെത്തുടർന്ന് നദിയില്‍ ജലനിരപ്പ് ഉയർന്നതിനാല്‍ മുതലകള്‍ കരയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ പ്രദേശവാസികള്‍ക്കും ഭക്തർക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ സഹായത്തോടെ കയറുകള്‍ ഉപയോഗിച്ച്‌ മുതലയെ സുരക്ഷിതമായി പിടികൂടുകയും പിന്നീട് കൃഷ്ണാ നദിയിലേക്ക് തന്നെ തുറന്നുവിടുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group