Home കർണാടക ബെംഗളൂരു നഗരത്തില്‍ ലാല്‍ബാഗിന് സമാനമായി 3 പാര്‍ക്കുകള്‍ കൂടി കൊണ്ടുവരും; നീക്കം തുടങ്ങി സര്‍ക്കാര്‍

ബെംഗളൂരു നഗരത്തില്‍ ലാല്‍ബാഗിന് സമാനമായി 3 പാര്‍ക്കുകള്‍ കൂടി കൊണ്ടുവരും; നീക്കം തുടങ്ങി സര്‍ക്കാര്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തില്‍ പച്ചപ്പ് നിറഞ്ഞ തുറസായ ഇടങ്ങള്‍ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലാല്‍ബാഗ്, കബ്ബണ്‍ പാർക്ക് എന്നിവയ്ക്ക് സമാനമായ മൂന്ന് വലിയ പാർക്കുകള്‍ കൂടി ബെംഗളൂരുവില്‍ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു.പ്രതിരോധ വകുപ്പിന്റെയും വനം വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും നഗരവല്‍ക്കരണം ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ നഗരവാസികള്‍ക്ക് കൂടുതല്‍ പച്ചപ്പുള്ള തുറസായ ഇടങ്ങളും വിനോദത്തിനുള്ള സൗകര്യങ്ങളും ആവശ്യമാണ്.

നഗരത്തിലെ വായു ശുദ്ധമായി നിലനിർത്തുന്നതിനും ജനങ്ങള്‍ക്ക് വിശ്രമിക്കാനും നടക്കാനും സമയം ചെലവഴിക്കാനും ഇത്തരം സ്ഥലങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബെംഗളൂരുവില്‍ മൂന്ന് സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലാല്‍ബാഗിന് സമാനമായ ഒരു സസ്യോദ്യാനം സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ഉടൻ കൂടിക്കാഴ്‌ച നടത്തി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നിർദ്ദേശിക്കുന്ന പാർക്കുകളുടെ ഉടമസ്ഥാവകാശം നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന അതത് വകുപ്പുകള്‍ക്ക് തന്നെ തുടരും. എന്നാല്‍ കബ്ബണ്‍ പാർക്കും ലാല്‍ബാഗും പോലെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പച്ചപ്പുള്ള പ്രദേശങ്ങളായി ഈ സ്ഥലങ്ങള്‍ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യാനാണ് പദ്ധതി.വനം വകുപ്പുമായും പ്രാഥമിക ചർച്ചകള്‍ നടത്തിയതായി ഡികെ ശിവകുമാർ പറഞ്ഞു.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, ബെംഗളൂരു വികസന അതോറിറ്റി, ഉദ്യാനകൃഷി വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളോടും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.തന്റെ ഭരണകാലത്ത് തന്നെ മൂന്ന് മുതല്‍ നാല് വരെ വലിയ പാർക്കുകള്‍ ബെംഗളൂരുവില്‍ സൃഷ്‌ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ നടപ്പാക്കല്‍ രീതി, ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങള്‍, പാർക്കുകളുടെ വികസനത്തിനുള്ള പ്രവർത്തനരീതി എന്നിവ അന്തിമമായി തീരുമാനിക്കുന്നതിനായി ഉടൻ വിശദമായ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.വാരണാസിയില്‍ നടപ്പാക്കിയ സമാനമായ പദ്ധതിയും മുഖ്യമന്ത്രി പരാമർശിച്ചു. വാരണാസി നഗരസഭ പ്രതിരോധ വകുപ്പിന്റെയും റെയില്‍വേയുടെയും കൈവശമുള്ള 57 ഹെക്‌ടറിലധികം ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.

പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഏകദേശം 30 ഏക്കർ സ്ഥലത്ത് വലിയ പാർക്ക് നിർമ്മിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചിരുന്നു.ബെംഗളൂരുവിലും ഇതുപോലുള്ള മാതൃക സ്വീകരിക്കാമെന്നാണ് ശിവകുമാറിന്റെ പക്ഷം. നിലവില്‍ പൂർണമായി ഉപയോഗിക്കപ്പെടാത്ത സർക്കാർ ഭൂമി പൊതുജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുന്നതിലൂടെ നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കാനും ആളുകള്‍ക്ക് വിനോദത്തിനും ഒത്തുകൂടലിനുമായി നല്ല ഇടങ്ങള്‍ ഉണ്ടാക്കി എടുക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group