Home തിരഞ്ഞെടുത്ത വാർത്തകൾ ആള്‍മാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

ആള്‍മാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

by ടാർസ്യുസ്

കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിക്ക് ജർമനിയില്‍ നഴ്സിംഗ് ജോലി ലഭിക്കുന്നതിനു വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 4.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.വൈക്കം, മുളക്കുളം, കാരിക്കോട് ദിവ്യാഭവനില്‍ ആർ. ആദർശ് (28) ആണ് അറസ്റ്റിലായത്. നാട്ടിലെ ഒരു സഹകരണ ബാങ്കില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യവേ ബാങ്കിന്റെ അധീനതയിലുള്ള മെഡിക്കല്‍ ഷോപ്പില്‍ നടത്തിയ തട്ടിപ്പിനെത്തുടർന്ന് നാലുവർഷം മുമ്പ് ഇയാള്‍ നാടുവിട്ടതായി പോലീസ് പറയുന്നു. തുടർന്ന് സിവില്‍ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തുകയാണെന്ന് പറഞ്ഞ് എറണാകുളം കലൂരിലെ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു.

ഹോസ്റ്റലില്‍ വച്ച്‌ പരിചയപ്പെട്ട തൃശൂർ സ്വദേശിയില്‍നിന്ന് സിം കാർഡ് സംഘടിപ്പിച്ച്‌ വാട്സ്‌ആപ്പ് അക്കൗണ്ട് ആരംഭിച്ച ഇയാള്‍, ഇൻസ്റ്റഗ്രാം വഴിയാണ് കടനാട് സ്വദേശിനിയായ യുവതിയുമായി ബന്ധപ്പെട്ടത്. കേരള ബാങ്കിന്റെ കാക്കനാട് ശാഖയില്‍ അസിസ്റ്റന്റ് മാനേജരാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍, യുവതിക്ക് ജർമനിയില്‍ നഴ്സിംഗ് ജോലിക്ക് പോകുന്നതിന് തന്റെ ബാങ്കില്‍നിന്ന് വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.തുടർന്ന് യുവതിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ തുടങ്ങിയ വ്യക്തിഗത രേഖകള്‍ വാട്സ്‌ആപ്പ് വഴി കൈപ്പറ്റി. യുവതിക്ക് നിലവില്‍ ഗോള്‍ഡ് ലോണ്‍ ഉണ്ടെന്ന് മനസിലാക്കിയ ഇയാള്‍ വായ്പ അനുവദിക്കുന്നതിന് താൻ ജോലി ചെയ്യുന്ന ബാങ്ക് ശാഖയില്‍ മൂന്ന് ലക്ഷം രൂപയുടെ എഫ്ഡി ഇടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നികുതി ഒഴിവാക്കുന്നതിനും ലോണ്‍ പ്രോസസിംഗ് ചെലവുകള്‍ക്കുമായി 1,71,964 രൂപയും ആവശ്യപ്പെട്ടു.

ആകെ 4,71,964 രൂപയാണ് പ്രതി തട്ടിയെടുത്തത്.എന്നാല്‍, പിടിക്കപ്പെടാതിരിക്കാൻ എറണാകുളത്തെ ഹോസ്റ്റലില്‍ ഒപ്പം താമസിച്ചിരുന്ന മൂന്നു സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് പ്രതി പരാതിക്കാരിക്ക് നല്‍കിയത്. സിവില്‍ സർവീസ് കോച്ചിംഗിന്റെ ഫീസ് അടയ്ക്കുന്നതിന് വീട്ടില്‍നിന്ന് അയയ്ക്കുന്നതാണെന്ന് വിശ്വസിപ്പിച്ചാണ് അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിപ്പിച്ച്‌ പിന്നീട് പിൻവലിച്ച്‌ വാങ്ങിയത്.വായ്പ ശരിയാക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ സംശയം തോന്നിയ യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡ് ഉപേക്ഷിച്ചു. തുടർന്ന് ലോണ്‍ സംബന്ധമായ ആവശ്യത്തിനായി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയില്‍നിന്ന് മറ്റൊരു സിം കാർഡ് സംഘടിപ്പിച്ച്‌ തിരുവനന്തപുരത്തേക്കു കടന്നു. അരിസ്റ്റോ ജംഗ്ഷനില്‍ ഒരു ഹോസ്റ്റലില്‍ ഐഇഎല്‍ടിഎസ് കോച്ചിംഗിന് പഠിക്കുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ അവിടെ കഴിഞ്ഞിരുന്നത്.

ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി സദൻ കെ. യുടെ മേല്‍നോട്ടത്തില്‍ മേലുകാവ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, എഎസ്‌ഐമാരായ ജസ്റ്റിൻ ജോസഫ്, വി.ടി. സജിനി, ഡിവിആർ സിപിഒ ആർ. വിഷ്ണു എന്നിവർ ചേർന്നാണ് ഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്.ഇയാള്‍ എറണാകുളത്തും തിരുവനന്തപുരത്തും ഒപ്പം താമസിച്ചിരുന്ന പലരില്‍നിന്നും പണം കൈപ്പറ്റിയതായും ഓണ്‍ലൈൻ മാർഗം നിരവധിപേരില്‍നിന്ന് പണം തട്ടിയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group