Home കർണാടക ജപ്പാനില്‍ നിന്നെത്തിയത് ഇംഗ്ലീഷ് പഠിക്കാൻ; ബെംഗളൂരുവില്‍ തടവിലാക്കപ്പെട്ട ജാപ്പനീസ് യുവാവ്; പോലീസിനെതിരെ പടപൊരുതി നേടിയ വിജയം

ജപ്പാനില്‍ നിന്നെത്തിയത് ഇംഗ്ലീഷ് പഠിക്കാൻ; ബെംഗളൂരുവില്‍ തടവിലാക്കപ്പെട്ട ജാപ്പനീസ് യുവാവ്; പോലീസിനെതിരെ പടപൊരുതി നേടിയ വിജയം

by ടാർസ്യുസ്

ബെംഗളൂരു: ഇംഗ്ലീഷ് പഠനത്തിനായി ഇന്ത്യയിലെത്തി, പോലീസിന്റെ ക്രൂരതകള്‍ക്കിരയായി ഒടുവില്‍ നിയമപോരാട്ടത്തിലൂടെ വിജയം നേടിയ ജപ്പാൻ പൗരൻ ഹിരോതോഷി തനകയുടെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.പലായനവും ജയില്‍വാസവും പ്രണയവും അതിജീവനവുമെല്ലാം നിറഞ്ഞതാണ് ഈ 36-കാരന്റെ അനുഭവം. സൈക്കോളജി ബിരുദധാരിയായ തനക, 2019 ഒക്ടോബറിലാണ് ബെംഗളൂരു ആർ.ടി നഗറിലെ ഇംഗ്ലീഷ് അക്കാദമിയില്‍ ചേർന്നത്. എന്നാല്‍ ക്ലാസുകള്‍ മുടങ്ങിയതിനെത്തുടർന്നുള്ള തർക്കത്തില്‍ സ്ഥാപന മേധാവിയെ മർദിച്ചതിന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നിട്ടും 19 ദിവസമാണ് തനക ബെംഗളൂരു സെൻട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നത്.തിങ്ങിനിറഞ്ഞ ജയിലിനുള്ളിലെ ചൂതാട്ടവും ലഹരി ഉപയോഗവും കണ്ട് പകച്ചുപോയ തനകയ്ക്ക് ഒടുവില്‍ മൂന്ന് കൊലപാതകങ്ങള്‍ ചെയ്ത ശങ്കർ എന്ന തടവുകാരനാണ് കൂട്ടായത്. ഒടുവില്‍ ജയില്‍ സൂപ്രണ്ട് ശേഷമൂർത്തി സ്വന്തം കൈയ്യില്‍നിന്ന് 4,000 രൂപ കെട്ടിവെച്ചാണ് തനകയ്ക്ക് ജാമ്യം എടുത്തുനല്‍കിയത്.ജയില്‍ മോചിതനായെങ്കിലും തനകയുടെ ദുരിതങ്ങള്‍ തീർന്നില്ല. ജയിലില്‍നിന്ന് തിരികെ വന്നപ്പോള്‍ സാധനങ്ങള്‍ കൈപ്പറ്റാനായി പോലീസ് സ്റ്റേഷനിലെത്തിയ തനകയോട് സബ് ഇൻസ്പെക്ടർ ബി. ഹനുമന്തരായപ്പ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തില്‍ 5,500 രൂപയും പിന്നീട് കേസ് അവസാനിപ്പിക്കാൻ 3,000 രൂപയുമാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഇതിനിടെ കോവിഡ് മഹാമാരിയും പിടിപെട്ടതോടെ തനകയുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി.

രോഗബാധിതനായ അദ്ദേഹത്തിന് താമസിക്കാൻ ഇടമില്ലാതെ പാർക്കിലും വരാന്തകളിലും ഉറങ്ങേണ്ടിവന്നു. ഭക്ഷണം കഴിക്കാൻ പണമില്ലാതെ വലഞ്ഞ് തെരുവില്‍ ബോധരഹിതനായി വീണു. ഒടുവില്‍ ആളുകള്‍ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.തന്റെ ആത്മാഭിമാനം സംരക്ഷിക്കാനായി പോലീസിനെതിരെ പോരാടാൻ ഉറച്ച തനക, കർണാടക ഹൈക്കോടതിയെ സമീപിച്ച്‌ തനിക്കെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. കേസ് നടത്തുന്നതിനായി ഇന്ത്യയില്‍ തുടരാൻ തീരുമാനിച്ച അദ്ദേഹത്തിൻ്റെ വിസാ കാലാവധി അവസാനിച്ചതോടെ പോലീസ് നാടുകടത്താൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാൻ ആർ.ടി നഗർ പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു കസേര മോഷ്ടിച്ച്‌ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ അറസ്റ്റ് വരിക്കാൻ തനക ശ്രമിച്ചു.

എന്നാല്‍, ആ സംഭവത്തില്‍ പോലീസ് കേസ് എടുത്തില്ല. ഒടുവില്‍ 2021 ഏപ്രിലില്‍ തനകയെ ജപ്പാനിലേക്ക് നാടുകടത്തി.ജപ്പാനിലെത്തിയിട്ടും തൻ്റെ അഭിഭാഷകൻ രോഹൻ കോത്താരി വഴി മനുഷ്യാവകാശ കമ്മീഷനില്‍ തനക പോരാട്ടം തുടർന്നു. ഒടുവില്‍ പോരാട്ടം വിജയംകണ്ടു. തനകയ്ക്ക് 75,000 രൂപ നഷ്ടപരിഹാരം നല്‍കാനും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും കമ്മീഷൻ ഉത്തരവിട്ടു. ഏഴരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഈവർഷം ജൂണിലാണ് കർണാടക സർക്കാർ അദ്ദേഹത്തിന് ഈ തുക കൈമാറിയത്.ഈ ദുരിതയാത്രയ്ക്കിടയില്‍ ബെംഗളൂരുവില്‍ വെച്ച്‌ തനകയുടെ ജീവിതത്തില്‍ പ്രണയവും കടന്നുവന്നു. ബെംഗളൂരുവിലെ ഒരു ബാറില്‍ വെച്ച്‌ പരിചയപ്പെട്ട വടക്കുകിഴക്കൻ ഇന്ത്യയില്‍നിന്നുള്ള യുവതിയാണ് തനകയുടെ പ്രതിസന്ധികളില്‍ കരുത്തായി നിന്നത്. ജയിലിലായപ്പോഴും നാടുകടത്തപ്പെട്ടപ്പോഴും ഇരുവരും തമ്മില്‍ അകന്നെങ്കിലും സോഷ്യല്‍ മീഡിയ വഴി തനക യുവതിയെ വീണ്ടും കണ്ടെത്തി. 2024-ല്‍ ജപ്പാനില്‍ വെച്ച്‌ ഇരുവരും വിവാഹിതരായി. ഇപ്പോള്‍ തന്റെ ഭാര്യയുടെ നാട് സന്ദർശിക്കാനും അവരുടെ കുടുംബത്തെ കാണാനുമുള്ള തയ്യാറെടുപ്പിലാണ് ഈ ജാപ്പനീസ് യുവാവ്.

You may also like

error: Content is protected !!
Join Our WhatsApp Group