Home കർണാടക ‘മുസ്‌ലിം ആയതുകൊണ്ട് മാത്രം ‘പാകിസ്താനി’ എന്ന് വിളിക്കാനാകില്ല’; ബിജെപി എംഎല്‍സിക്ക് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

‘മുസ്‌ലിം ആയതുകൊണ്ട് മാത്രം ‘പാകിസ്താനി’ എന്ന് വിളിക്കാനാകില്ല’; ബിജെപി എംഎല്‍സിക്ക് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

by ടാർസ്യുസ്

ബെംഗളൂരു: മുസ്‌ലിം ആയതുകൊണ്ട് മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ ‘പാകിസ്താനി’ എന്ന് വിളിച്ച്‌ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി.കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ഫൗസിയ തരണത്തിനെതിരെ വർഗീയ പരാമർശം നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍സി എൻ.രവികുമാറിനെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എംപിമാർക്കും എംഎല്‍എമാർക്കമുള്ള പ്രത്യേക കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വിമർശിച്ചത്.

”അവർ കർണാടക സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്. മുസ്‌ലിം ആയതുകൊണ്ട് മാത്രം അവരെ പാകിസ്താനി എന്ന് വിളിച്ചുള്ള പ്രസ്താവന മാപ്പുനല്‍കാൻ കഴിയുന്ന ഒന്നല്ല. അത് വെച്ചുപൊറുപ്പിക്കാനുമാകില്ല”- കോടതി വ്യക്തമാക്കി.രാഷ്ട്രീയ വൈരത്തിന്റേയും ചെളിവാരിയെറിയലിന്റെയും സംസ്‌കാരം ഉടൻ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. ജനക്ഷേമത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടതെന്നും, അനാവശ്യമായ പ്രസ്താവനകള്‍ ജനങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യമാണെന്നും കോടതി ഓർമിപ്പിച്ചു. ഉദ്യോഗസ്ഥയോട് മാപ്പപേക്ഷ നല്‍കിയിട്ടുണ്ടെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി. ഇത്തരം ഗുരുതരമായ പരാമർശങ്ങള്‍ കാരണം ഉണ്ടായ ആഘാതവും കേടുപാടുകളും മാപ്പപേക്ഷകൊണ്ട് ഇല്ലാതാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2025 മേയില്‍ കർണാടക നിയമനിർമാണ കൗണ്‍സിലെ പ്രതിപക്ഷ നേതാവ് ചളവാദി നാരായണസ്വാമിയെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കസ്റ്റഡിയില്‍ വെച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തിയ ‘കലബുറഗി ചലോ’ പ്രതിഷേധ മാർച്ചിനിടെയായിരുന്നു എംഎല്‍സി രവികുമാറിന്റെ വിവാദ പരാമർശം. ഉദ്യോഗസ്ഥയെ ‘പാകിസ്താനി’ എന്ന് വിളിച്ച്‌ അധിക്ഷേപിച്ച സംഭവത്തില്‍ പ്രദേശവാസിയുടെ പരാതിയെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) 196(1)(a)(b), 353(2) വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.അതേസമയം, പ്രതിഷേധക്കാർ ദേശീയപതാകയുമായി പ്രകടനം നടത്തുന്നത് ജില്ലാ ഭരണകൂടം തടഞ്ഞിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കുമെന്നും, എന്നാല്‍ ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം മോശം പരാമർശങ്ങള്‍ നടത്താൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഹരജി കൂടുതല്‍ വാദങ്ങള്‍ക്കായി ആഗസ്റ്റ് 20-ലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group