Home കർണാടക കാലാവധി കഴിഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, പഴകിയ ഇറച്ചിയും പച്ചക്കറിയും ; ബംഗളൂരുവിലെ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നോട്ടീസ്

കാലാവധി കഴിഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, പഴകിയ ഇറച്ചിയും പച്ചക്കറിയും ; ബംഗളൂരുവിലെ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നോട്ടീസ്

by ടാർസ്യുസ്

ബംഗളൂരു: നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളില്‍ ഫുഡ് സേഫ്റ്റി ഓഫിസർമാർ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുത്തു.പഴകിയ ഇറച്ചിയും പൂപ്പല്‍ ബാധിച്ച പച്ചക്കറിയും കാലാവധി കഴിഞ്ഞ പാല്‍ ഉല്‍പന്നങ്ങളുമാണ് കണ്ടെത്തിയത്. പലയിടത്തും വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. ചില ഭക്ഷ്യവസ്തുക്കളില്‍ തെറ്റായ ലേബല്‍ പതിപ്പിച്ചിട്ടുമുണ്ട്. പിടിച്ചെടുത്തവ നശിപ്പിക്കുകയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.ലളിത് അശോക് ഹോട്ടലില്‍ നിന്ന് പഴകിയ 76 കിലോ ഇറച്ചി, 200 കിലോ പച്ചക്കറി, 32 ലിറ്റർ കാലാവധി കഴിഞ്ഞ പാല്‍ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്. ഷാങ്ഗ്രി-ലായില്‍ നിന്ന് 15 കിലോയും ഫോർ സീസണ്‍സ് ഹോട്ടലില്‍ നിന്ന് 10 കിലോയും പഴകിയ ഇറച്ചി പിടിച്ചെടുത്തു.

വൈറ്റ്‌ഫീല്‍ഡിലെ വിവന്ത ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ മൂന്ന് കിലോ ബേക്കറി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. യശ്വന്ത്പുർ താജില്‍ കണ്ടെത്തിയത് 72 കിലോ പഴകിയ ഇറച്ചിയും മീനും ആയിരുന്നു. റാഡിസണ്‍ ബ്ലൂ (ദി അട്രിയ) ഹോട്ടലില്‍ 50 കിലോ പഴകിയ കോഴിയിറച്ചി, 25 കിലോ ബീഫ്, 23 കിലോ മീൻ, ഏഴ് കിലോ പച്ചക്കറി എന്നിവ കണ്ടെത്തി.ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി 30 ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ സംഘമാണ് ബംഗളൂരുവിലെ 26 ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലായിരുന്നു പരിശോധന. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.ചിലയിടങ്ങളില്‍ അടുക്കളയും ഭക്ഷണ സംഭരണ കേന്ദ്രങ്ങളും വൃത്തിഹീനമായിരുന്നു. പച്ചക്കറിയും ഇറച്ചിയും പ്രത്യേകമായി സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തി.

പരിശോധനക്കിടെ ശേഖരിച്ച തേയില, കോഴിയിറച്ചി, ആട്ടിറച്ചി, മീൻ, ഭക്ഷ്യ എണ്ണകള്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, തക്കാളി സോസ് തുടങ്ങിയവ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.വലിയ ഹോട്ടലുകള്‍ പരിശോധിച്ചാല്‍ മറ്റുള്ളവരും ജാഗ്രത പാലിക്കുമെന്ന് കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫുഡ് സേഫ്റ്റി ഓഫിസർമാർ പരിശോധന നടത്തിയത്. ഒരു ഹോട്ടലും പരിശോധനയില്‍ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group