Home ചെന്നൈ വിദ്യാഭ്യാസത്തിന് മുൻഗണന നല്‍കി വിജയ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; സ്ത്രീകള്‍ക്കായി വൻ പ്രഖ്യാപനങ്ങള്‍, നവവധുവിന് സര്‍ക്കാര്‍ വക സമ്മാനം

വിദ്യാഭ്യാസത്തിന് മുൻഗണന നല്‍കി വിജയ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; സ്ത്രീകള്‍ക്കായി വൻ പ്രഖ്യാപനങ്ങള്‍, നവവധുവിന് സര്‍ക്കാര്‍ വക സമ്മാനം

by ടാർസ്യുസ്

ചെന്നൈ: തമിഴ്‌നാടിന്‍റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വില്‍സണ്‍ നിയമസഭയില്‍ അവതരിപ്പിച്ചു.2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യണ്‍ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴില്‍ തത്വധിഷ്ഠിതമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് വൻ തുകയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തി. 3,734 സർക്കാർ സ്കൂളുകള്‍ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചു.

10,000 സ്കൂളുകളില്‍ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചു. കോളേജ് വിദ്യാർത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം ഉറപ്പാക്കാൻ ലാപ്ടോപ്പുകള്‍ നല്‍കുന്ന ‘വെട്രി ലാപ്ടോപ്പ് പദ്ധതി’യും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സൗജന്യ താമസവും പഠനവും നല്‍കുന്ന പെരുന്തലൈവർ കാമരാജർ മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകള്‍ക്കായി 125 കോടി രൂപയും നീക്കിവെച്ചു.മധുരയില്‍ പുതിയ സ്പെഷ്യല്‍ ലോ കോളേജും 90 കോടി ചെലവില്‍ 5 പുതിയ ഐ.ടി.ഐകളും ആരംഭിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം തിരികെ കൊണ്ടുവരണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക കടം ഇരട്ടിയായ പശ്ചാത്തലത്തില്‍ മദ്യ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനും ടെൻഡർ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ദ്രുത പ്രതികരണ സേനയും ഉള്‍പ്പെടെയുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും ബജറ്റില്‍ ഉറപ്പുനല്‍കുന്നുണ്ട്.കൂടാതെ, ഗർഭിണികള്‍ക്കായി എല്ലാ ജില്ലകളിലും പരിചരണകേന്ദ്രങ്ങള്‍ ആരംഭിക്കും. സൗജന്യ ഭക്ഷണവും വൈദ്യസഹായവും നല്‍കും. ഇതിനായി 23 കോടി രൂപ പ്രഖ്യാപിച്ചു. നവവധുവിന് സർക്കാർ സമ്മാനം നല്‍കും. ഒരു പവൻ സ്വർണവും പട്ടുസാരിയുമാണ് സമ്മാനിക്കുക. 812 കോടിയാണ് ഇതിനായി വകയിരുത്തിയത്. ഇലക്‌ട്രിക് വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ പരിശീലിപ്പിക്കുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 22,500 മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി മൂന്ന് കോടി രൂപ വകയിരുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group