Home ചെന്നൈ തൃഷക്കെതിരായ പരാമർശത്തിൽ ഉദയനിധിക്കെതിരെ ഖുഷ്ബുവും ചിന്മയിയും; ‘ഉപാധികളില്ലാതെ മാപ്പ് പറയണം’

തൃഷക്കെതിരായ പരാമർശത്തിൽ ഉദയനിധിക്കെതിരെ ഖുഷ്ബുവും ചിന്മയിയും; ‘ഉപാധികളില്ലാതെ മാപ്പ് പറയണം’

by ടാർസ്യുസ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച്‌ ഗായിക ചിന്മയി ശ്രീപാദയും നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബു സുന്ദറും.വിവാദത്തില്‍ നാണംകെട്ട് തഞ്ചാവൂർ പോലീസ് ഉദയനിധിയെ വീട്ടില്‍ കയറി കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രമുഖരുടെ ഈ കടുപ്പിച്ചുള്ള പ്രതികരണം.എന്നാല്‍, വേദിയില്‍ വച്ച്‌ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചിട്ടും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന കല്ലുവെച്ച നുണയുമായി ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിക്കാനാണ് ഉദയനിധി ശ്രമിച്ചത്.അരാഷ്ട്രീയവും വൃത്തികെട്ടതുമായ രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് നിരപരാധികളായ സ്ത്രീകളെ വലിച്ചിഴക്കരുതെന്ന് ഗായിക ചിന്മയി രൂക്ഷമായി ചൂണ്ടിക്കാട്ടിയപ്പോള്‍, പൊതുവേദിയില്‍ സ്ത്രീത്വത്തെ അപമാനിച്ച ഉദയനിധി ഒരു നിബന്ധനയുമില്ലാതെ തൃഷയോട് പരസ്യമായി മാപ്പു പറയണമെന്ന് ഖുഷ്ബു സുന്ദർ ശക്തമായി ആവശ്യപ്പെട്ടു.

കാവേരി നദീജല തർക്കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുലർത്തുന്ന മൗനത്തെ വിമർശിക്കാനെന്ന വ്യാജേനയാണ് ഉദയനിധി തൃഷയെ അനാവശ്യമായി വലിച്ചിഴച്ച്‌ ലൈംഗിക അധിക്ഷേപം നടത്തിയത്.രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ തെരുവില്‍ അപമാനിക്കുന്നതിന് പകരം ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദയനിധി നോക്കേണ്ടതെന്ന് ചിന്മയി എക്‌സില്‍ തുറന്നടിച്ചു.തമിഴ്‌നാട് പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം കേട്ടപ്പോള്‍ അറപ്പ് തോന്നിയെന്നും, സദസ്സില്‍ അശ്ലീല മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പകരം ചിരിച്ചുകൊണ്ട് അതിന് എണ്ണയൊഴിക്കുകയാണ് ഉദയനിധി ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി.

മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ മുൻകാലങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ കടന്നാക്രമണങ്ങളെ ഓർമ്മിപ്പിച്ച അവർ, പുതിയ തലമുറയിലെ നേതാക്കള്‍ അതിലും താഴേക്ക് പോകുന്നത് നാടിന് അപമാനമാണെന്നും കൂട്ടിച്ചേർത്തു.ഉദയനിധിയുടെ വാക്കുകള്‍ നിലവാരമില്ലാത്തതും വിലകുറഞ്ഞതുമാണെന്ന് ഖുഷ്ബു സുന്ദർ തുറന്നടിച്ചു. ഉദയനിധി പിന്തുടരുന്ന സംസ്കാര ശൂന്യമായ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണിതെന്ന് വിശേഷിപ്പിച്ച ഖുഷ്ബു, സ്ത്രീകളുടെ ആത്മാഭിമാനം രാഷ്ട്രീയത്തിന് ഇരയാക്കപ്പെട്ടാല്‍ ഒരു കുടുംബവും സുരക്ഷിതമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി.രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ എന്തുതന്നെയായാലും പൊതു സംവാദങ്ങള്‍ക്ക് ചില അതിരുകളുണ്ടെന്നും, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും വ്യക്തമാക്കിയ ഖുഷ്ബു, ഉദയനിധിക്ക് സ്വന്തം തെറ്റ് ഏറ്റുപറയാനുള്ള മാന്യതയുണ്ടോ എന്ന് ഇനി കാണാമെന്നും വെല്ലുവിളിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group