ബെംഗളൂരു: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയോട് തന്റെ കർണാടക സന്ദർശനം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഓഗസ്റ്റ് 3-ന് ബെംഗളൂരുവില്‍ നടക്കാനിരുന്ന ചർച്ചകള്‍ക്കായാണ് വിജയ് എത്താനിരുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യം അനുകൂലമല്ലെന്നും കലുഷിതമായ അന്തരീക്ഷം ശാന്തമായ ശേഷം കൂടുതല്‍ നല്ല രീതിയില്‍ കൂടിക്കാഴ്ച നടത്താമെന്നും വെള്ളിയാഴ്ച വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തില്‍ ശിവകുമാർ പറഞ്ഞു.
കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനത്തെ തുടർന്ന് കർണാടകയില്‍, പ്രത്യേകിച്ച് മാണ്ഡ്യയില്‍ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയുടെ പോസ്റ്ററുകള്‍ പ്രക്ഷോഭകർ കീറിയെറിയുകയും ചിലയിടങ്ങളില്‍ തിയേറ്ററുകളിലെ പ്രദർശനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു.മന്ത്രിസഭയിലെ സഹപ്രവർത്തകരുമായും നിയമ വിദഗ്ദ്ധരുമായും ചർച്ച ചെയ്ത ശേഷമാണ് സന്ദർശനം നീട്ടിവെക്കാൻ അഭ്യർത്ഥിച്ചതെന്ന് ശിവകുമാർ വ്യക്തമാക്കി. ഓഗസ്റ്റ് 2 ഞായറാഴ്ച സർവ്വകക്ഷി യോഗം ചേർന്നതിന് ശേഷം വിജയിയെ വീണ്ടും ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കർണാടകയിലെ കനകപുരയില്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിംഗ് റിസർവോയർ പദ്ധതി കർണാടകയേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുന്നത് തമിഴ്‌നാടിനാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 66 ടി.എം.സി ശേഷിയുള്ള ഈ റിസർവോയർ ജലം കർണാടകയ്ക്ക് പുതിയ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും, കുടിവെള്ളത്തിനും വൈദുതി ഉത്പാദനത്തിനും തമിഴ്‌നാടിലേക്ക് തടസ്സമില്ലാതെ വെള്ളം തുറന്നുവിടാനുമാണ് ഇത് ഉപകരിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.