കൊച്ചി: കാമുകനെ വീട്ടുകാർ കേസില്‍ കുടുക്കിയതിന് പ്രതികാരമായി 17കാരി വെളിപ്പെടുത്തിയത് രണ്ട് കൊല്ലം മുമ്പ് ബന്ധുക്കള്‍ ചേർന്ന് ഒതുക്കി തീർത്ത ലൈംഗിക അതിക്രമം.കാമുകനെ കസ്റ്റഡിയിലെടുത്ത പള്ളുരുത്തി പൊലീസിനോടാണ് അടുത്ത ബന്ധുവിന്റെ പൊന്നുരുന്നിയിലെ വീട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ 2025ല്‍ നടന്ന പീഡനത്തില്‍ മൊഴിയെടുത്ത കടവന്ത്ര പൊലീസ് പ്രതിയായ 63കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു.18 വയസ് പൂർത്തിയാകാൻ മാസങ്ങള്‍ ബാക്കിയുള്ള പെണ്‍കുട്ടിയുമായി അടുപ്പമുള്ള യുവാവിനെ കഴിഞ്ഞയാഴ്ചയാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് പള്ളുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. യുവാവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് വീട്ടുകാർ പൊലീസില്‍ പരാതിപ്പെട്ടത്.
ഇതോടെ വീട്ടുകാർ ഒതുക്കി തീർത്ത ലൈംഗിക അതിക്രമം പെണ്‍കുട്ടി വനിതാ പൊലീസിനോടും കൗണ്‍സലിംഗ് നടത്തിയവരോടും തുറന്നുപറഞ്ഞു.കോളനിയില്‍ പ്രതിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ ചടങ്ങില്‍ പങ്കെടുക്കാൻ വന്നപ്പോഴാണ് അന്ന് 15 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ ആരുടെയും കണ്ണില്‍പ്പെടാതെ പ്രതി ഉപദ്രവിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് ഇരുകൂട്ടരുടെയും ബന്ധുക്കള്‍ ചേർന്ന് സംഭവം ഒത്തുതീർപ്പ് ചർച്ചയിലൂടെ ഒതുക്കി തീർത്തു.ഇതോടെ പൊന്നുരുന്നിയിലെ പീഡനക്കേസ് പള്ളുരുത്തി പൊലീസ് കടവന്ത്ര സ്റ്റേഷന് കൈമാറി. പെണ്‍കുട്ടി നല്‍കിയ മൊഴി ആദ്യം വിശ്വാസത്തില്‍ എടുക്കാതിരുന്ന പൊലീസ് സാഹചര്യ തെളിവുകള്‍ പരിശോധിച്ചതോടെ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഞായറാഴ്ച കടവന്ത്ര പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ കോളനിയിലെ വീട്ടില്‍ നിന്ന് 63കാരനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.