ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർമിക്കുന്ന 288 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് പദ്ധതി അവസാനഘട്ടത്തില്‍.ആറ് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ നാല് ഭാഗങ്ങളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ബാക്കിയുള്ള രണ്ട് ഭാഗങ്ങള്‍ ഈ വർഷം സെപ്റ്റംബറിലും നവംബറിലും പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ ആകെ നീളം 288 കിലോമീറ്ററാണ്. ഇതില്‍ 243 കിലോമീറ്റർ കർണാടകയിലും 45 കിലോമീറ്റർ തമിഴ്നാട്ടിലുമാണ്. പദ്ധതിയുടെ ആകെ ചെലവ് 14,655 കോടിയാണ്. പൂർത്തിയായ ഭാഗങ്ങളില്‍ 42 കിലോമീറ്റർ നീളമുള്ള ഡോബ്സ്പേട്ട്-ഡോഡ്ബല്ലാപുര് ബൈപാസും 38 കിലോമീറ്റർ നീളമുള്ള ഡോഡ്ബല്ലാപുര്-ഹോസ്കോട്ടെ ഭാഗവും ഉള്‍പ്പെടുന്നു.
രണ്ടാമത്തെ ഭാഗത്തിന് ഔദ്യോഗിക റിപ്പോർട്ടില്‍ 99.2 ശതമാനം പുരോഗതിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർമ്മാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു.ബാക്കിയുള്ള ഭാഗങ്ങളുടെയും നിർമ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. കർണാടക-തമിഴ്നാട് അതിർത്തി മുതല്‍ 21 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീല്‍ഡ് ഹൈവേയുടെ ഏകദേശം 95 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇത് നവംബറോടെ പൂർത്തിയാകും. തമിഴ്നാട്ടിലെ 35.76 കിലോമീറ്റർ ഭാഗത്തിന് 91 ശതമാനത്തിലധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അത് സെപ്റ്റംബറില്‍ പൂർത്തിയാകുമെന്നും മന്ത്രാലയം അറിയിച്ചു. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിച്ച 7 കിലോമീറ്റർ ഭാഗം ഇതിനകം പൂർത്തിയായിട്ടുണ്ട്.ഒബ്ലാപുരയില് നിന്ന് കുനിഗല്‍ വരെയും കുനിഗലില്‍ നിന്ന് എസ് മുദുഗടപള്ളു വരെയും ആറ് വരിപ്പാതയായി വികസിപ്പിക്കുന്ന അടുത്ത ഘട്ട പദ്ധതിക്ക് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസല്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാകും.
രാജ്യസഭയില്‍ അംഗം അജയ് മാക്കൻ ചോദിച്ച ചോദ്യത്തിന് നല്കിയ മറുപടിയായാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഈ വിവരങ്ങള്‍ അറിയിച്ചത്. ഒബ്ലാപുര-കുനിഗല്‍, കുനിഗല്‍-എസ് മുദുഗടപള്ളു എന്നീ ഭാഗങ്ങള്‍ ഹൈബ്രിഡ് ആന്യൂട്ടി മോഡല്‍ പ്രകാരമാണ് നിർമ്മിക്കുന്നത്. ഇതിനാവശ്യമായ പ്രാഥമിക വിലയിരുത്തലുകള്‍ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഈ പദ്ധതിക്ക് പുറമെ, കർണാടകയിലെ മറ്റ് ദേശീയപാത പദ്ധതികളൊന്നും സർക്കാർ അംഗീകാരം ലഭിക്കാതെ കിടക്കുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു. ഗതാഗത ആവശ്യകത, വിശദമായ പദ്ധതി റിപ്പോർട്ട്, ബന്ധിപ്പിക്കേണ്ട പ്രദേശങ്ങള്‍, പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ എന്നിവ പരിഗണിച്ചാണ് ദേശീയപാത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
2013-ല്‍ ആരംഭിച്ച സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് പദ്ധതിയുടെ ലക്ഷ്യം ബെംഗളൂരു നഗരത്തെ ചുറ്റിപ്പറ്റിയുള്ള ഡോബ്സ്പേട്ട്, ഡോഡ്ബല്ലാപുര്, ദേവനഹള്ളി, സുലിബെലെ, ഹോസ്കോട്ടെ, അനേക്കല്‍, കനകപുര, രാമനഗര, മഗഡി തുടങ്ങിയ വ്യവസായ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ്. വിവിധ കാരണങ്ങളാല്‍ പദ്ധതി വൈകിയെങ്കിലും ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയില്‍ ₹6,917.37 കോടി ചെലവില്‍ ആറ് ദേശീയപാത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തന്നെ ഇതുവരെ 1,744.58 കോടി ചെലവഴിച്ചിട്ടുണ്ട്. ബെളഗാവി-ഹുങ്ഗുണ്ട്-റായ്ച്ചൂർ ഹൈവേയുടെ നാല് ഭാഗങ്ങള്‍, ബെല്ലാരി ബൈപാസ്, ബെംഗളൂരു-മൈസൂരു ആക്സസ് കണ്ട്രോള്ഡ് ഹൈവേയിലെ അധിക വികസന പ്രവർത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.