ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തില്‍ നഗരത്തിലെ പോരായ്‌മകള്‍ കൃത്യമായി വരച്ചുകാട്ടി സർവേ പുറത്ത്. ബെംഗളൂരുവില്‍ 25,000 മുതല്‍ 30,000 പേർക്ക് ഒരു പൊതുശൗചാലയം മാത്രമാണുള്ളതെന്നും, നഗരത്തിലെ 142 പൊതുശൗചാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ശതമാനം പൂർണമായും പ്രവർത്തനരഹിതമാണെന്നും ബെംഗളൂരു പബ്ലിക് ടോയ്‌ലറ്റ് ഓഡിറ്റ് റിപ്പോർട്ട് 2026 വ്യക്തമാക്കി.ബെംഗളൂരു പൊളിറ്റിക്കല്‍ ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഏപ്രില്‍, മേയ് മാസങ്ങളില്‍ ബി പാക് സിവിക് ലീഡേഴ്‌സും വിദ്യാർത്ഥി സന്നദ്ധപ്രവർത്തകരും ചേർന്നാണ് പരിശോധന നടത്തിയത്.
ശുചിത്വം, പ്രവർത്തനക്ഷമത, സുരക്ഷ, സൗകര്യങ്ങള്‍, ഉപയോക്തൃ അനുഭവം എന്നിവയാണ് വിലയിരുത്തിയത്. പരിശോധിച്ച 142 ശൗചാലയങ്ങളില്‍ ആറെണ്ണം മാത്രമാണ് ‘വളരെ വൃത്തിയുള്ളത്’ എന്ന റേറ്റിംഗ് നേടിയത്.58 ശതമാനം ശൗചാലയങ്ങളിലും ദുർഗന്ധം അനുഭവപ്പെട്ടു. പ്രവർത്തിക്കുന്ന ശൗചാലയങ്ങളില്‍ 40 ശതമാനത്തില്‍ മാത്രമാണ് വെള്ളം ലഭ്യമായിരുന്നത്. ഒരിടത്തും സോപ്പ് ഡിസ്പെൻസറുകളോ വേസ്‌റ്റ് ബിന്നുകളോ ഉണ്ടായിരുന്നില്ല. 56 ശതമാനം ശൗചാലയങ്ങളില്‍ മാത്രമാണ് മതിയായ വെളിച്ചം അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നത്. ഇത് പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഒമ്പത് ശൗചാലയങ്ങളില്‍ മാത്രമാണ് റാംപ് ഉണ്ടായിരുന്നത്, അതിനാല്‍ 94 ശതമാനത്തോളം ശൗചാലയങ്ങളും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ സൗകര്യമില്ലാത്തവയാണ്.
ശൗചാലയ പരിപാലകരില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകള്‍. 1.4 കോടിയിലധികം ജനസംഖ്യയുള്ള ബെംഗളൂരുവില്‍ 800 മുതല്‍ 900 വരെ പൊതുശൗചാലയങ്ങളാണുള്ളത്. ഇതില്‍ 479 എണ്ണം മാത്രമാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ഔദ്യോഗിക പട്ടികയിലുള്ളത്.പൊതുശൗചാലയങ്ങള്‍ ആഡംബരമല്ല, പൊതുജനാരോഗ്യം, സ്ത്രീകളുടെ സുരക്ഷ, മനുഷ്യരുടെ അന്തസ് എന്നിവ ഉറപ്പാക്കാൻ അനിവാര്യമായ അടിസ്ഥാന സൗകര്യമാണെന്ന് ബി പാക് റിപ്പോർട്ടില്‍ പറയുന്നു.ബസ് സ്‌റ്റാൻഡുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, മാർക്കറ്റുകള്‍, പാർക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നിർമ്മാണ സ്ഥലങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ ആയിരത്തിലധികം പുതിയ പൊതുശൗചാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ബി പാക് ശുപാർശ ചെയ്‌തു.
കൂടാതെ 30 ദിവസത്തെ അറ്റകുറ്റപ്പണി ക്യാമ്പയിൻ, പൊതുശൗചാലയ മാനേജ്മെന്റ് സെല്‍, അഞ്ചുവർഷത്തെ പരിപാലന കരാറുകള്‍, കർശനമായ നിരീക്ഷണം എന്നിവയും നിർദ്ദേശിച്ചു. നഗരത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അടക്കമുള്ളവർക്ക് ആവശ്യമായ ശുചിമുറി സംവിധാനങ്ങളുടെ അഭാവം പലപ്പോഴായി സന്നദ്ധ സംഘടനകള്‍ നേരത്തെയും ചൂണ്ടിക്കാട്ടിയതാണ്.അതേസമയം, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, നഗരമൊട്ടാകെ കൂടുതല്‍ വിപുലമായ ഒരു സ്വതന്ത്ര സർവേ നടത്താൻ ബി പാക് മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇത് പൊതുശൗചാലയങ്ങളിലെ പോരായ്‌മകള്‍ കണ്ടെത്താനും മെച്ചപ്പെടുത്തലുകള്‍ നടപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.