Home കർണാടക ബെംഗളൂരുവില്‍ ഫുട്പാത്തിലൂടെ വണ്ടിയോടിച്ചാല്‍ 5000 രൂപ പിഴ; കര്‍ശന നടപടിയെന്ന് മന്ത്രി

ബെംഗളൂരുവില്‍ ഫുട്പാത്തിലൂടെ വണ്ടിയോടിച്ചാല്‍ 5000 രൂപ പിഴ; കര്‍ശന നടപടിയെന്ന് മന്ത്രി

by ടാർസ്യുസ്

ബെംഗളൂരുവില്‍ നടപ്പാതകളിലൂടെ മോട്ടോര്‍ സൈക്കിളുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നതിനുള്ള പിഴ കുത്തനെ ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍.നിലവില്‍ 500 രൂപയാണ് നടപ്പാതകളിലൂടെ മോട്ടോര്‍ സൈക്കിളുകളും മറ്റും ഓടിച്ചാലുള്ള പിഴ. ഇത് 5000 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് റിപ്പോര്‍ട്ട്. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.ഇന്നലെ ബെംഗളൂരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി ഗതാഗത നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്ത ശേഷം, പിഴത്തുക പത്തിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഗതാഗത വകുപ്പിന് കത്തെഴുതി.

കാല്‍നടയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, നഗരത്തിലെ നടപ്പാതകളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ഈ നടപടിക്ക് വ്യാപകമായ സ്വീകാര്യത ലഭിച്ചെങ്കിലും വീണ്ടെടുത്ത നടപ്പാതകള്‍ വാഹനയാത്രക്കാര്‍ റോഡുകളായി ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മോട്ടോര്‍ വാഹനങ്ങള്‍ നടപ്പാതകളിലൂടെ ഓടിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം നിയമലംഘനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കണം,’ മന്ത്രി പറഞ്ഞു.പിഴ വര്‍ധിപ്പിക്കുന്നത് ശക്തമായ ഒരു പ്രതിരോധ നടപടിയായി മാറുമെന്നും, വര്‍ധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നും ബൈരെ ഗൗഡ അഭിപ്രായപ്പെട്ടു.

അതേസമയം ബെംഗളൂരുവിലെ പ്രധാന റോഡുകളില്‍ നിലവിലുള്ള പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നഗരത്തിലെ പല പ്രധാന റോഡുകളിലും ‘ആള്‍ട്ടര്‍നേറ്റ്-സൈഡ് പാര്‍ക്കിംഗ്’ നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, പലപ്പോഴും വാഹനമോടിക്കുന്നവര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്ത് നിയമങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇത് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കുള്ള സ്ഥലം കുറയ്ക്കുകയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്യുന്നു.പുതിയ വിജ്ഞാപനങ്ങള്‍ ഇറക്കാതെ തന്നെ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ബൈരെ ഗൗഡ ട്രാഫിക് പൊലീസിനോട് ആവശ്യപ്പെട്ടു. നിയമങ്ങള്‍ ശരിയായി നടപ്പിലാക്കിയാല്‍ റോഡിന്റെ ഒരു വശത്ത് 7-8 അടി സ്ഥലം ലഭ്യമാക്കാനും ഗതാഗത സുഗമമാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ വെല്ലുവിളികളുണ്ടാകാം.എന്നാല്‍ പ്രധാന റോഡുകളിലും അനുബന്ധ റോഡുകളിലും പാര്‍ക്കിംഗ് നിരോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്രാഫിക് ജംഗ്ഷനുകള്‍ക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, അവയുടെ സ്ഥാനം പുനഃപരിശോധിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രാഫിക് സിഗ്‌നലുകള്‍ക്ക് സമീപം അനാവശ്യമായ പാര്‍ക്കിംഗ് അനുവദിക്കരുതെന്നും, ഇതില്‍ ബിഎംടിസി ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.ട്രാഫിക് സിഗ്‌നലുകളില്‍ നിന്ന് 750 മീറ്ററിനുള്ളിലോ പ്രധാന ജംഗ്ഷനുകളില്‍ നിന്ന് 500 മീറ്ററിനുള്ളിലോ ബസ് സ്റ്റോപ്പുകള്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ആവശ്യമുള്ളയിടങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ കണ്ടെത്തി മാറ്റിസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group