ബെംഗളൂരു: ഹുൻസൂരില്‍ വ്യാപാരിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഹുൻസൂർ ന്യൂ മാരുതി ലേഔട്ടില്‍ താമസിച്ചിരുന്ന ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നിക്ഷിത (13), രക്ഷ (6) എന്നിവരാണ് മരിച്ചത്.ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെയും മക്കളുടെയും വായയും മൂക്കും പായ്ക്കിങ്ങിനായി ഉപയോഗിക്കുന്ന കട്ടിയുള്ള സെല്ലോടേപ്പുകള്‍ ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. മൂന്ന് പേരുടെയും ജീവനെടുത്ത ശേഷമാണ് ഹരീഷ് തൂങ്ങിമരിച്ചത്.
ചൊവ്വാഴ്ച ഉച്ചയായിട്ടും കുടുംബാംഗങ്ങളെ ആരെയും പുറത്തുകാണാതിരിക്കുകയും ഹരീഷിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. സംശയം തോന്നിയ സുഹൃത്ത് ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു.വിവരമറിഞ്ഞ് ഹുൻസൂർ ടൗണ്‍ പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ ഉറങ്ങുന്ന നിലയില്‍ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വായയിലും മൂക്കിലും കട്ടിയുള്ള ടേപ്പുകള്‍ ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.മൃതദേഹങ്ങള്‍ തുടർനടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഹുൻസൂർ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍…”ഞാൻ മുകളിലത്തെ മുറിയില്‍ തൂങ്ങിമരിക്കുന്നു” – ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ കണ്ടെത്തിയ ഹരീഷിന്‍റെ കുറിപ്പിന്‍റെ തലക്കെട്ട് ഇതായിരുന്നു.
ഇതിനു താഴെ “എന്റെ അവസാന ആഗ്രഹങ്ങള്‍” എന്നെഴുതി തന്‍റെ സ്വത്തുക്കളുടെ വിവരങ്ങളും കടബാധ്യതകളും ആർക്കൊക്കെയാണ് സ്വത്ത് വീതിച്ചു നല്‍കേണ്ടത് എന്നതും കുറിച്ചുവച്ചിരുന്നു. മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ഡി സ്ഥലം സന്ദർശിച്ചു.അതേസമയം, സെക്കൻഡ് ഹാൻഡ് വാഹന വില്‍പ്പനയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തിവന്നിരുന്ന ഹരീഷ് നാട്ടില്‍ സാമ്പത്തികമായി നല്ല നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.എന്നാല്‍, അടുത്തിടെ ഹരീഷിന്‍റെ രണ്ട് സ്വത്തുക്കള്‍ ബാങ്കുകള്‍ ജപ്തി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളുമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. ഹുൻസൂർ ടൗണ്‍ പോലീസ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.