ബെംഗളൂരു: കർണാടകയില്‍ പതിനാലുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ബെംഗളൂരുവിന് സമീപമുള്ള ദേവനാഹള്ളിയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു.പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മദ്യപിച്ച നിലയില്‍ വീട്ടിലെത്തിയാല്‍ മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തി നിർത്തി. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട പ്രതികള്‍, സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ എവിടെയായിരുന്നെന്ന് അമ്മ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിയുടെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.