ബെംഗളൂരുവില്‍ നിര്‍ദ്ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തുന്ന നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍.കനകപുര റോഡിനും മൈസൂരു റോഡിനും ഇടയിലായിട്ടായിരിക്കും വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുക. അതേസമയം വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചതോടെ ആശങ്കയിലാണ് ഗ്രാമവാസികള്‍. നിര്‍ദിഷ്ട പദ്ധതിക്ക് ആയിരക്കണക്കിന് ഏക്കര്‍ ഫലഭൂയിഷ്ഠമായ കൃഷിഭൂമി നഷ്ടപ്പെടും എന്നാണ് ഗ്രാമവാസികളുടെ ഭയം.തങ്ങളുടെ ആശങ്ക പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. ചൂഡഹള്ളി, നാഗനായകനഹള്ളി, കഗ്ഗലിപുര, ചിന്നകുര്ച്ചി, നെലഗുലി, കൊടിയാല, കാരേനഹള്ളി തുടങ്ങിയ ഗ്രാമങ്ങളിലെയും സമീപപ്രദേശങ്ങളിലെയും നിവാസികള്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.
ഞായറാഴ്ച നടന്ന യോഗത്തില്‍, വിമാനത്താവള പദ്ധതിക്കായി തങ്ങളുടെ ഭൂമി വിട്ടുനല്‍കില്ലെന്ന് പത്തിലധികം ഗ്രാമങ്ങളിലെ കര്‍ഷകര്‍ തീരുമാനമെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കുന്നതിന് മുന്‍പായി ഗ്രാമതലത്തില്‍ കൂടിയാലോചനകള്‍ നടത്താനും അവര്‍ തീരുമാനിച്ചു. ചൂഡഹള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും ചില ഭാഗങ്ങളില്‍ സര്‍വേ സംഘങ്ങള്‍ പരിശോധനകള്‍ നടത്തുന്നതായി കര്‍ഷകര്‍ പറഞ്ഞു.’ഡ്രോണ്‍ ഉപയോഗിച്ചുള്ള മാപ്പിംഗ്, ഭൂമി അടയാളപ്പെടുത്തല്‍, തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മണ്ണ് പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രാഥമിക വിലയിരുത്തലിന്റെ ഭാഗമാണിതെന്നും അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ തങ്ങളോട് പറഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു,’ ബൈരപ്പ എന്ന പ്രാദേശിക കര്ഷകന് പറഞ്ഞു.വിമാനത്താവളത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലം ചൂഡഹള്ളി, നാഗനായകനഹള്ളി, കഗ്ഗലിപുര, ചിന്നകുര്ച്ചി തുടങ്ങിയ പ്രദേശങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാര്‍ക്കിടയില്‍ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
കര്‍ഷകര്‍ പറയുന്നതനുസരിച്ച്, ചൂഡഹള്ളി, നാഗനായകനഹള്ളി, ഉത്തരഹള്ളി, നെലഗുലി, കഗ്ഗലിപുര, ചിന്നകുര്ച്ചി, സീഗെഹള്ളി, കൊടിയാല, കരേനഹള്ളി, ദൊഡ്ഡകുന്തനഹള്ളി, ചിക്കകുന്തനഹള്ളി എന്നിവിടങ്ങളിലായി ഏകദേശം 4,655 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഗുഡിപാള്യ, മല്ലിപാള്യ, ദിന്നെപാള്യ, നൗകല്പാള്യ, വഡ്ഡരപാള്യ, കട്ടലെപാള്യ, മഹാദേവപുര, നാരായണപുര, തിട്ടഹള്ളി തുടങ്ങിയ ചെറിയ ജനവാസമേഖലകളും ഈ വിശാലമായ പഠനമേഖലയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.സോമനഹള്ളി മേഖലയിലെ ഏകദേശം 4,376 ഏക്കര്‍ വരുന്ന മറ്റൊരു സ്ഥലവും, നെലമംഗലയ്ക്കും കുനിഗലിനും ഇടയിലുള്ള ഗുഡെമരനഹള്ളിക്ക് സമീപം 4,695 ഏക്കര്‍ വരുന്ന മൂന്നാമതൊരു സ്ഥലവും പരിഗണനയിലുണ്ടെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ‘ഡ്രോണുകള്‍ ഉപയോഗിച്ചുള്ള അളവെടുപ്പും മണ്ണ് പരിശോധനയും മാത്രമാണ് നടത്തുന്നതെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍ അടയാളപ്പെടുത്തലുകളുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഒടുവില്‍ എത്രത്തോളം ഭൂമി ഏറ്റെടുത്തേക്കാമെന്നതിനെക്കുറിച്ചോ ആരും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല,’ ഒരു കര്ഷകന് പറഞ്ഞു.സര്‍വേ നടപടികള്‍ തുടരുമ്പോഴും ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ ഗ്രാമീണര്‍ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. ചൂഡഹള്ളി മേഖലയില്‍ ഏകദേശം 4,600 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍, ഇരുപതോളം ഗ്രാമങ്ങളിലായി 3,000 മുതല്‍ 4,000 വരെ കര്‍ഷക കുടുംബങ്ങളെ അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം കണക്കാക്കുന്നു. പ്രധാനമായും കാര്‍ഷിക മേഖലയായ ഇവിടെ റാഗി, ചോളം, തെങ്ങ്, കവുങ്ങ്, മാവ് തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. ക്ഷീരകര്ഷകവൃത്തിയും ഇവിടത്തുകാരുടെ ഉപജീവനമാര്‍ഗമാണ്.