12 വയസുള്ള ആണ്‍കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊന്ന് മുതല. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം.ദാരുണമായ സംഭവം കുട്ടിയുടെ അമ്മാവന് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നു. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.ചൊവ്വാഴ്ച ഘാഗ്ര നദിക്കടുത്തുള്ള കൃഷിയിടത്തിലാണ് സംഭവം. അമ്മാവൻ ഉദയരാജ് സിങ്ങിനൊപ്പം ജോലി ചെയ്യാൻ പോയതായിരുന്നു കുട്ടി. ഇവിടെ വെച്ച്, പതിയിരുന്ന ഒരു മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നു. മുതലയെ കണ്ട് ഭയന്ന കുട്ടി നദീതീരത്തേക്കോടി. കുട്ടിയുടെ കരച്ചില് കേട്ട് അമ്മാവൻ ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുതല കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് വെള്ളത്തില്‍ അപ്രത്യക്ഷമായി.വിവരം പരന്നതോടെ ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി. പിന്നാലെ ബഹ്റൈച്ച് ഫോറസ്റ്റ് ഡിവിഷനിലെ പൊലീസും ഉദ്യോഗസ്ഥരും എത്തി തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ വീണ്ടെടുക്കാൻ ഉദ്യോഗസ്ഥർ വലകള്‍ വിരിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.ഘാഗ്ര നദിക്കരയില്‍ താമസിക്കുന്നവരില്‍ സംഭവം ആശങ്ക ഉളവാക്കിയിട്ടുണ്ട്. മുൻപും ഇവിടെ മുമ്പ് മുതലകളെ കാണുകയും ആക്രമണ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.