ചിലപ്പോഴൊക്കെ മനുഷ്യരേക്കാള്‍ എത്രയോ ഭേദമാണ് മൃഗങ്ങള്‍ എന്ന് തോന്നിപ്പോകുന്ന കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്.അത്തരത്തിലൊരു അപൂർവവും കൗതുകമുണർത്തുന്നതുമായ ദൃശ്യമാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. തിരക്കേറിയ റോഡില്‍ കൃത്യമായി സീബ്രാ ക്രോസിംഗ് മാത്രം ഉപയോഗിച്ച് റോഡ് മുറിച്ചുകടക്കുന്ന ഒരു കൂട്ടം തെരുവുനായ്ക്കളുടെ ഡാഷ്‌ക്യാം വീഡിയോയാണ് ഇപ്പോള്‍ ഇന്റർനെറ്റില്‍ തരംഗമായിരിക്കുന്നത്.ആ അച്ചടക്കം കണ്ടോ?വീഡിയോയുടെ തുടക്കത്തില്‍ വാഹനങ്ങള്‍ സാധാരണ രീതിയില്‍ സഞ്ചരിക്കുന്നതാണ് കാണുന്നത്. മുന്നിലുണ്ടായിരുന്ന ഒരു ട്രക്ക് കടന്നുപോയതോടെ, അതിന് പിന്നില്‍ നിന്ന് നിരവധി നായ്ക്കള്‍ ഒരുമിച്ച് സീബ്രാ ക്രോസിംഗിലൂടെ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വളരെ അനുസരണയോടെ റോഡ് മുറിച്ചുകടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വാഹനങ്ങളുടെ ഇടയിലൂടെ ഓടിക്കയറാതെ, കാല്‍നടയാത്രക്കാർക്കായി ഒരുക്കിയ ഭാഗം തന്നെ തെരഞ്ഞെടുത്ത് തെരുവ് നായ്ക്കള്‍ നടക്കുന്നത് കണ്ട് പലരും അമ്പരന്നു.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി രസകരമായ പ്രതികരണങ്ങളും എത്തി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ ചില മനുഷ്യരെക്കാള്‍ തെരുവ് നായ്ക്കള്‍ മാതൃകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. കാല്‍നടയാത്രക്കാർക്കായി ഒരുക്കിയ സീബ്രാ ക്രോസിംഗിന്‍റെ പ്രാധാന്യം മൃഗങ്ങള്‍ പോലും തിരിച്ചറിയുമ്പോള്‍ പലരും അത് അവഗണിക്കുന്നുവെന്ന വിമർശനവും ഉയർന്നു.വൈറലായി വീഡിയോമൃഗങ്ങള്‍ക്ക് ചുറ്റുപാടുകളെ വിലയിരുത്താനുള്ള കഴിവ് മികച്ചതാണെന്നും നഗരജീവിതവുമായി അവ സ്വാഭാവികമായി പൊരുത്തപ്പെടുന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവമെന്നുമുള്ള അഭിപ്രായങ്ങളും കമന്‍റ് വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടു. ചിലർ തമാശരൂപേണ നായ്ക്കളെ “ഡോഗേഷ്” എന്ന് വിശേഷിപ്പിച്ചും വീഡിയോ പങ്കുവെച്ചു. ചുരുങ്ങിയ ദൈർഘ്യമുള്ള ഈ ദൃശ്യം മണിക്കൂറുകള്‍ക്കകം വ്യാപകമായി പ്രചരിച്ചതോടെ വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വീണ്ടും പങ്കുവെക്കുകയും ചെയ്തു. റോഡ് സുരക്ഷ, കാല്‍നടയാത്രക്കാരുടെ അവകാശം, ഗതാഗത നിയമങ്ങളോടുള്ള പൊതുബോധം എന്നിവയെക്കുറിച്ചുള്ള ചർച്ചകള്‍ക്കും വീഡിയോ വഴിവെച്ചിരിക്കുകയാണ്.