ബംഗളൂരു: ഒരിടത്തും ഒരു സമയത്തും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.അനുനിമിഷം കേള്‍ക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇതിന് തെളിവാണ്. ചെറിയൊരു തുറിച്ചുനോട്ടത്തിന് പോലും ഇരയാകാത്ത സ്ത്രീകള്‍ കുറവായിരിക്കും. ചിലര്‍ തന്‍റേടത്തോടെ പ്രതികരിക്കും. കർണാടകയിലെ രാമമൂർത്തി നഗറില്‍ പുലര്‍ച്ചെ ടാക്സി കാത്തുനിന്ന യുവതിക്കുണ്ടായ ദുരനുഭവം ഒരു പക്ഷേ പല സ്ത്രീകള്‍ക്കും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ഭയന്നുപിന്മാറുന്നതിന് പകരം യുവതി പ്രതികരിക്കുകയും പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു.തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. ചിക്കമഗളൂരു സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 26കാരി പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തിന് പുറത്ത് ഒരു ടാക്സി കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതി എൻആർഐ ലേഔട്ടില്‍ താമസിക്കുന്ന പഴ കച്ചവടക്കാരനായ വിജയ് രാഘവ്(42) സമീപിക്കുന്നത്.
ബൈക്കിലെത്തിയ രാഘവ് യുവതിയുടെ അടുത്തെത്തി തുറിച്ചുനോക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ ‘നിന്‍റെ വില എത്രയാണ് ? 10,000 രൂപ തരാം’ എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് മനസിലാക്കിയ സ്ത്രീക്കെതിരെ പ്രതി വീണ്ടും അസഭ്യ വര്‍ഷം നടത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.തൊട്ടുപിന്നാലെ യുവതി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. “പണത്തിനായി നിർബന്ധിക്കപ്പെടാതെയോ ലൈംഗിക വസ്തുവിനെപ്പോലെ കാണാതെയോ സമാധാനത്തോടെ റോഡില്‍ ഒരു ടാക്സി കാത്തുനില്‍ക്കാൻ പോലും കഴിയില്ലേ?” എന്ന് അവർ പോസ്റ്റിലൂടെ ചോദിക്കുകയും കുറ്റവാളിക്കെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ബെംഗളൂരു പൊലീസ് യുവതിയെ നേരിട്ട് ബന്ധപ്പെടുകയും സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് പൊലീസ് രാഘവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി വ്യത്യസ്തമായ മൊഴിയാണ് നല്‍കിയത്. ബിസിനസ് പങ്കാളിയെ ഫോണ്‍ വിളിച്ച ശേഷം മറ്റൊരു കോളിന് മറുപടി നല്‍കാനാണ് താൻ സ്കൂട്ടർ നിർത്തിയതെന്ന് പ്രതി അവകാശപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്തിനാണ് തന്നെ നോക്കുന്നതെന്ന് സ്ത്രീ ചോദിച്ചെന്നും, തുടർന്ന് താൻ 10,000 രൂപ നല്‍കാമെന്ന് പറഞ്ഞതായും അയാള്‍ മൊഴി നല്‍കി.ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ കൃത്യമായ വിവരങ്ങള്‍ അന്വേഷണ വിധേയമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എങ്കിലും, ഒരു സ്ത്രീയോട് ‘റേറ്റ്’ ചോദിക്കുന്നതും ഇത്തരത്തില്‍ പണം വാഗ്ദാനം ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും അതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.