ബെംഗളൂരുവില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നത്. ബെംഗളൂരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എന്‍ പ്രിയദര്‍ശിനിയും കുട്ടികളും ചേര്‍ന്ന് അമ്മായിയമ്മയെയും അമ്മായിയച്ഛനെയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും തല്ലുകയും ചെയ്യുന്നതിന്റെ വീഡിയോയാണിത്.വീഡിയോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ കടുത്ത രോഷമാണ് ഉയര്‍ത്തിയത്. പ്രിയദര്‍ശനിയുടെ അമ്മായിയച്ഛന്‍ ജെ നരസിംഹ പോലീസില്‍ നല്‍കിയ പരാതി പ്രകാരം, മാര്‍ച്ച് 10 -ാം തിയതി പ്രിയദര്‍ശിനിയും മകനും മകളും കൂടി വീട്ടിലെത്തുകയും തങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും മോശം വാക്കുകളുപയോഗിച്ച് തന്നെയും ഭാര്യയെയും മകന്‍ നവീന്‍ കുമാറിനെയും അധിക്ഷേപിക്കുകയുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നു.
2007 -ലാണ് പ്രിയദര്‍ശിനിയുടെയും നവീന്റെയും വിവാഹം നടന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ്. മാര്‍ച്ച് 10 -ാം തിയതി വൈകീട്ട് 8.30 ഓടെ വീട്ടിലെത്തിയ പ്രിയദര്‍ശിനിയും മക്കളും തങ്ങളെ അക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. മാറി താമസിക്കുന്ന ഭര്‍ത്തൃപിതാവിന്റെ വീട്ടിലേക്ക് കോടതി ഉത്തരവ് ലംഘിച്ച് ഡോക്ടര്‍ അനധികൃതമായി കയറുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, കുട്ടികള്‍ക്കുള്ള സാമ്ബത്തിക സഹായം നവീന്‍ നിര്‍ത്തിയത് ചോദ്യം ചെയ്യാനാണ് താന്‍ ഭര്‍ത്തൃവീട്ടിലെത്തിയതെന്നും എന്നാല്‍ അവിടെ നിന്നും തനിക്ക് അപമാനം നേരിട്ടതിനാലാണ് താന്‍ പ്രകോപിതയായതെന്നും പ്രിയദര്‍ശിനി പോലീസിനോട് പറഞ്ഞു.
അതേസമയം നവീന്റെ ഹൃദ്രോഗിയും 80 വയസുമുള്ള അച്ഛനെ പ്രിയദര്‍ശിനി ചവിട്ടുകയും വലിച്ച് ഇഴയ്ക്കുകയും ചെയ്യുന്നതും ക്യാന്‍സര്‍ രോഗമുക്തയായ അമ്മയുടെ മംഗളസൂത്രത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. പ്രിയദര്‍ശിനി തന്റെ ഭര്‍ത്തൃമാതാവിനെയും പിതാവിനെയും ഉപദ്രവിക്കുമ്ബോള്‍ കുട്ടികളും ഇവരെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രിയദര്‍ശിനിക്ക് നേരെ നിയമനടപടി ആവശ്യപ്പെട്ടു. സ്വന്തം കുടുംബത്തില്‍ ഇത്രയും വയലന്‍സ് കാണിക്കുന്ന ഒരു ഡോക്ടര്‍ എത്ര മോശമായിട്ടായിരിക്കും രോഗികളോട് പെരുമാറുന്നതെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.