ബെംഗളൂരു: കര്‍ണാടകയിലെ ആശുപത്രിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍, രോഗിക്ക് കൂട്ടിരിക്കാനെത്തി ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി.ഹാവേരി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.തറയില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പുതപ്പ് പ്രതി വലിച്ചുമാറ്റുന്നതും മോശമായി സ്പര്‍ശിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ ഉണര്‍ന്ന യുവതി ബഹളം വെക്കുകയും ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബഹളം കേട്ട് വാര്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരും ഉണര്‍ന്ന് ഇയാളെ നേരിട്ടു. വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഒരാള്‍ കോളറില്‍ പിടികൂടി നിലത്തുവീഴ്ത്തിയെങ്കിലും, ഇവരെ തള്ളിമാറ്റി പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അജ്ഞാതന്‍ വാര്‍ഡിനുള്ളില്‍ കടന്നത്. കഴിഞ്ഞ ആഴ്ച ഇതേ ആശുപത്രിയില്‍ നിന്ന് കുറഞ്ഞത് 10 മൊബൈല്‍ ഫോണുകളെങ്കിലും മോഷ്ടിച്ചതിന് പിന്നിലും ഇയാളാണെന്ന് സംശയിക്കുന്നു.ഈ സംഭവം വലിയ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് നാട്ടുകാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതിയെ തിരിച്ചറിഞ്ഞ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.