തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല.തുടർ പരിശോധനകള്‍ നടത്തണമെന്ന് സർക്കാർ നിർദേശം. പരിശോധനയില്‍ ഓയില്‍ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി പെസോ അംഗീകൃത ബോട്ടിലുകള്‍ എത്തിച്ചു.കർണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തില്‍ ഇന്ന് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലെ അഞ്ച് പമ്പുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും.
പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.മന്ത്രി അനൂപ് ജേക്കബിൻ്റെ നിർദേശപ്രകാരം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധന നടത്തുക.അതിനിടെ, ഇ20 പെട്രോള്‍ വിവാദം കേന്ദ്ര സർക്കാർ വിലയിരുത്തും. പെട്രോളിയം മന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേരും. ഇ20 പെട്രോളിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണം ചെറുക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. നിലവിലേത് കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് കാരണം കണ്ടെത്താനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
പെട്രോളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലർത്തുന്നുവെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം പരിശോധന ഫലം പുറത്തുവിട്ട് വെളിപ്പെടുത്തിയിരുന്നു. കർണാടകത്തിലെ 80 ശതമാനം പമ്പുകളിലും അനുവദനീയമായ 20 ശതമാനത്തേക്കാള്‍ ഉയർന്ന അളവില്‍ എഥനോള്‍ കലർന്ന പെട്രോളാണ് വില്‍ക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാല്‍, സർക്കാരിന്റെ പരിശോധനാ ഫലം തള്ളി എണ്ണക്കമ്പനികളും കേന്ദ്ര പെട്രോളിയം മന്ത്രാലയവും രംഗത്തെത്തിയിരുന്നു.